മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജോലിയോടുള്ള അർപ്പണമനോഭാവത്തെക്കുറിച്ച് ഏവർക്കും അറിയാവുന്നതാണ്. തന്റെ ഫിറ്റ്നസ് നിലനിർത്തുന്നതിനായി അദ്ദേഹം ഇഷ്ടപ്പെട്ട പലതും ഉപേക്ഷിച്ചെന്ന് വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി.
തനിക്ക് മമ്മൂട്ടിയെ 40 വർഷമായി അറിയാമെന്നും തങ്ങൾ കാണുന്ന കാലത്ത് അദ്ദേഹം ആസ്വദിച്ചു കഴിച്ചിരുന്ന ഭക്ഷണം ഇന്ന് രുചിച്ചുപോലും നോക്കില്ലെന്നും എസ്.എൻ. സ്വാമി പറയുന്നു.
അദ്ദേഹം ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നതൊക്കെ ഉപേക്ഷിച്ചു, ശീലങ്ങളും മാറ്റി. മമ്മൂട്ടി പണ്ട് പുകവലിക്കുമായിരുന്നു. ഇപ്പോൾ അദ്ദേഹം സിഗരറ്റ് തൊടാറില്ല. സിനിമയോടുള്ള പ്രേമത്തിന്റെ പേരിൽ അദ്ദേഹം ശീലങ്ങൾ മാറ്റിവച്ചെന്നും സ്വാമി കൂട്ടിച്ചേർത്തു.
"മമ്മൂട്ടി പ്രഫഷനിൽ നിൽക്കാൻ വേണ്ടി ശാസ്ത്ര സാങ്കേതിക വിദ്യയിൽ എന്തെല്ലാം ലഭ്യമാണോ അതെല്ലാം ഉപയോഗിക്കും. മമ്മൂട്ടിയോടൊപ്പം വന്ന അന്നത്തെ ഹിന്ദിയിലെ സൂപ്പർ താരങ്ങളെ ഇന്ന് കണ്ടാൽ നമ്മൾ അദ്ഭുതപ്പെട്ടു പോകും. രണ്ടു രണ്ടര ഇരട്ടി മമ്മൂട്ടിയാണ് എല്ലാവരും. ആകാരം കൊണ്ടും, പ്രകൃതം കൊണ്ടും അത്രത്തോളം വ്യത്യാസമുണ്ട്. അവരുടെ കാഴ്ചപ്പാട് അല്ല മമ്മൂട്ടിയുടേത്...'- എസ്.എൻ. സ്വാമി പറയുന്നു.