കോവിഡ് കാലത്തെ അനുഭവം വിവരിച്ച് നടി സാനിയ ഇയ്യപ്പൻ. കോവിഡ് പോസിറ്റീവ് ആയി ക്വാറന്റീനിൽ കഴിഞ്ഞ ദിവസങ്ങളുടെ ഓർമകളാണ് നടി പങ്കുവച്ചത്. തനിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായെന്നും കണ്ണിന്റെ കാഴ്ച കുറഞ്ഞെന്നും സാനിയ കുറിക്കുന്നു.
ആറാമത്തെ തവണയാണ് കോവിഡ് ടെസ്റ്റിന് വിധേയയായത്. എന്നാല്‍ ഇത്തവണ അത് പോസ്റ്റിവ് ആയിരുന്നു. ടെസ്റ്റിൽ പോസറ്റീവ് എന്ന് കേട്ടതും എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായി. അങ്ങനെ കേൾക്കാൻ താൻ തയാറായിരുന്നില്ല എന്ന് മാത്രമറിയാം. കുടുംബം, കൂട്ടുകാർ, കഴിഞ്ഞ കുറെ ദിവസമായി കണ്ടുമുട്ടിയ വ്യക്തികൾ എന്നിവയെക്കുറിച്ചുള്ള ആശങ്കയായിരുന്നു മനസ്സിൽ.’
‘ഒരേസമയം അസുഖത്തിന്റെ പശ്ചാത്തലത്തിൽ ക്ഷീണിതയും ദുഃഖിതയുമായി. നെറ്റ്ഫ്ലിക്സിൽ സമയം ചിലവിടാൻ എന്ന് കരുതിയെങ്കിലും അതി ഭീകരമായ തലവേദന ഒരു തടസമായി. കണ്ണുകൾ തുറക്കാൻ പോലും കഴിയാത്ത സ്ഥിതി.’
‘രണ്ടാമത്തെ ദിവസം ഇടതു കണ്ണിലെ കാഴ്ച മങ്ങാൻ തുടങ്ങിയത് ഞാനറിഞ്ഞു. ശരീരം തിണർത്തു പൊങ്ങാൻ ആരംഭിച്ചു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി. ജനിച്ച നാൾ മുതൽ സുഖമായി ശ്വസിക്കാൻ കഴിഞ്ഞിരുന്ന താൻ അതിന്റെ മഹത്വം അറിഞ്ഞിരുന്നില്ല. കൊറോണ നിസ്സാരമല്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാൻ പരിശ്രമിക്കുക. രോഗം ഭീകരമാണ്. മൂന്നു ദിവസം മുൻപ് നെഗറ്റീവ് ഫലം വന്നു.’-സാനിയ പറഞ്ഞു നിർത്തി.