ബ്രിട്ടനിൽ നിന്നു തിരിച്ചെത്തിയ സിനിമ താരം ലെനയ്ക്ക് കോവിഡാണെന്ന വാർത്തകൾ നിഷേധിച്ച് താരം തന്നെ രംഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് ലെന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തന്റെ കോവിഡ് ടെസ്റ്റ് റിപ്പോർട്ടും ലെന പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
"നടി ലെന കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ബാംഗ്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് എന്ന രീതിയിലുള്ള ഒരു വാർത്ത ഓണ്‍ലൈൻ മീഡിയകളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. തീർത്തും വ്യാജമായൊരു വാർത്തയാണ്, ഞാൻ യുകെയിൽ നിന്ന് വന്നത് നെഗറ്റീവ് ആർടിപിസിആർ പരിശോധന ഫലവുമായിട്ടാണ്. നിലവിലെ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി യുകെയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് നടത്തുന്ന genome sequencing ടെസ്റ്റിന്റെ ഫലത്തിനായി കാത്തിരിക്കുന്നു.
ഇപ്പോൾ ബാംഗ്ലൂർ ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിയുകയാണ്. ഞാൻ കോവിഡ് പോസിറ്റീവ് ആണെന്ന് ചില മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുന്നു. ദയവായി ഈ വാർത്ത പങ്കിടരുത്. ഞാൻ ഇവിടെ സുരക്ഷിതയാണ് നിങ്ങളുടെ ആശങ്കയ്ക്കും പ്രാർഥനയ്ക്കും നന്ദി.' - ലെന കുറിച്ചു.
നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ’ഫൂട്ട്പ്രിന്റ്സ് ഓണ്‍ ദ് വാട്ടർ’ എന്ന ഇന്തോബ്രിട്ടിഷ് സിനിമയുടെ ഷൂട്ടിംഗിനാണ് ലെന യുകെയിൽ എത്തിയത്. നടി നിമിഷ സജയനും ലെനയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.