മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം പ്രേക്ഷകരെയും മോഹൻലാൽ ആരാധകരെയും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു. പുതുവർഷത്തിൽ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടതിനു പിന്നാലെയാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിന്റെ ഈ പ്രഖ്യാപനം.
സൂപ്പർഹിറ്റ് ഫാമിലി ത്രില്ലർ ചിത്രമായ ദൃശ്യത്തിന്റെ രണ്ടാംപതിപ്പെന്ന നിലയിൽ വൻ പ്രതീക്ഷകളാണ് ചിത്രത്തിനുള്ളത്. ചിത്രത്തിന്റെ ആവേശം ഒട്ടും ചോരാതെ കഴിവതും തീയറ്ററിൽ തന്നെ റിലീസ് ചെയ്യാൻ ശ്രമിക്കുമെന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുന്നതു സംബന്ധിച്ച് അനിശ്ചിതത്വങ്ങൾ നീളുന്ന സാഹചര്യത്തിലാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമിലെത്തുന്നത്.
ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 വില്‍ മോഹൻലാലിനൊപ്പം മീന, സിദ്ദിഖ്, മുരളി ഗോപി, ആശ ശരത്, അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമിച്ചിരിക്കുന്നത്.