പ്രമുഖ കന്നഡ യുവ ആക്ഷൻ താരം ശ്രേയസ് മഞ്ജു മലയാളത്തിലേക്ക്. ബാബു ആന്റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പവർസ്റ്റാറിലൂടെയാണ് ശ്രേയസിന്റെ മോളിവുഡ് അരങ്ങേറ്റം.
കന്നഡയിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമാതാവ് കെ. മഞ്ജുവിന്റെ മകനാണ് ശ്രേയസ് മഞ്ജു. 2019 ൽ പുറത്തിറങ്ങിയ "പാഡെ ഹുളി' എന്ന ആക്ഷൻ ചിത്രത്തിലെ ഫൈറ്റ് രംഗങ്ങൾക്ക് വളരെയേറെ പ്രേക്ഷകപ്രീതി ലഭിച്ചിരുന്നു. മലയാളത്തിലും കന്നഡയിലുമായി ഒരുക്കുന്ന ഈ ചിത്രത്തിൽ കന്നഡ സിനിമയിലെ മറ്റു പ്രശസ്ത താരങ്ങളുമുണ്ടാകുമെന്ന് സംവിധായകന് ഒമര്‍ ലുലു പറഞ്ഞു.
ഡെന്നിസ് ജോസഫ് തിരക്കഥ എഴുതുന്ന പവര്‍ സ്റ്റാര്‍ ഒമർ ലുലുവിന്റെ ആദ്യ ആക്ഷൻ മാസ് ചിത്രമാണ്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അഡാർ ലൗ, ധമാക്ക, എന്നീ സിനിമകൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാറിൽ ഹോളിവുഡ് സൂപ്പർ താരം ലൂയിസ് മാന്റിലോർ, അമേരിക്കൻ ബോക്സിംഗ് ഇതിഹാസം റോബർട്ട് പർഹാം എന്നിവർ ജോയിൻ ചെയ്തിരുന്നു.
കൂടാതെ മലയാളത്തിൽ നിന്നും ബാബുരാജ്, റിയാസ് ഖാൻ, അബു സലീം എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. പവർ സ്റ്റാറിന് വേണ്ടിയുള്ള ഇവരുടെ വർക്ക് ഔട്ട് ചിത്രങ്ങൾ ലോക്ക് ഡൗൺ സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.