കോട്ടയം: കോവിഡ് മഹാമാരിയുടെ ഫലമായി മനുഷ്യജീവിതത്തിൽ വ്യാപകമായ പ്രതിസന്ധികളുണ്ടായി. ആരോഗ്യ, സാങ്കേതിക, സാന്പത്തിക, തൊഴിൽ, സാംസ്കാരിക രംഗങ്ങളുൾപ്പെടെ സമസ്ത ജീവിതമേഖലകളിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
കോവിഡിനോടൊത്തു ജീവിക്കാനുള്ള പൊതുവായ ആഹ്വാനം പല കേന്ദ്രങ്ങളിൽനിന്നും ഉണ്ടാകുന്നുണ്ടെങ്കിലും വിശ്വാസത്തിന്റെയും ധാർമികതയുടെയും അടിസ്ഥാനത്തിൽ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്താമെന്നു ചർച്ചചെയ്യുന്ന ഒരു ആധികാരിക ഗ്രന്ഥമാണു വിശ്വാസവും ജീവിതവും ക്വാറന്റൈനിൽ.
കോട്ടയം പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ എഡിറ്റ് ചെയ്ത 33 ലേഖനങ്ങളുടെ സമാഹരണമാണിത്. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പുസ്തകത്തിന്റെ ആദ്യപ്രതി ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിലിനു നൽകി പ്രകാശനം ചെയ്തു.