ഒരു അഭിമുഖത്തിനിടെ താൻ പറഞ്ഞ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടന്നും താൻ കാണുന്ന ഏറ്റവും മഹാന്മാരായ നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയെന്നും നടൻ ദേവൻ. അഭിമുഖത്തിനിടെ മഹാനടന്മാരുടെ കാര്യം പറഞ്ഞപ്പോൾ താൻ മമ്മൂട്ടിയെക്കുറിച്ചു പറഞ്ഞിരുന്നുവെന്നും എന്നാൽ മോഹൻലാലിനെക്കുറിച്ചുള്ള ഉത്തരങ്ങൾ കേൾക്കാൻ അവർ നിന്നില്ലെന്നും അതാണ് തെറ്റിദ്ധരിക്കപ്പെട്ടതെന്നും ദേവൻ വ്യക്തമാക്കി.
"ഞാൻ കാണുന്ന ഏറ്റവും മഹാന്മാരായ നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഒരു ചാനൽ അഭിമുഖത്തിൽ ഞാൻ പറഞ്ഞതു തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ഈ മഹാനടന്മാരെക്കുറിച്ച് ചോദിച്ചപ്പോൾ ലോകസിനിമയിൽ പത്തു പേരെ എടുത്താൽ മമ്മൂട്ടി അതിൽ കാണുമെന്നു പറഞ്ഞു. മോഹൻലാലോ എന്ന ചോദ്യത്തിന് ഉത്തരം കേൾക്കാൻ അവർ നിന്നില്ല. മോഹൻലാലിനെ താരതമ്യപ്പെടുത്താൻ പോലും സാധിക്കില്ല. അദ്ദേഹം വേറൊരു ലെവലാണ്. ലോകസിനിമയിലെ ആ പത്തു നടന്മാരുടെ മുകളിൽ നിൽക്കുന്ന നടനാണ് മോഹൻലാൽ എന്നു പറയാൻ സമ്മതിച്ചില്ല. ദേവൻ വ്യക്തമാക്കി.