സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന സർക്കാർ തീരുമാനം മാസങ്ങളായി റിലീസ് കാത്തിരിക്കുന്ന സിനികൾക്ക് വൻ തിരിച്ചടിയായി. തിയേറ്റർ മേഖലയിലെ സംഘടനകളും ഫിലിം ചേംബറും ചലച്ചിത്ര വികസന കോർപറേഷനും സർക്കാർ നിലപാടിന്റെ ഭാഗമാണ്.
ഈ നിർണായക ഘട്ടത്തിലാണ് ചെറിയ ബജറ്റ് സിനിമകൾക്കൊപ്പം വൻ ബജറ്റ് സിനിമകളും ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ നിർമാതാക്കൾ നിർബന്ധിതരാകുന്നത്. അതിനു തുടക്കമാകാൻ ദുൽഖർ സൽമാൻ കേന്ദ്രകഥപാത്രമായെത്തുന്ന സിനിമ ’കുറുപ്പ് ’ന് സാധ്യത കൂടി എന്നാണ് വാർത്ത പുറത്തുവന്നിരിക്കുന്നത്. ദുൽഖറിന്റെ സിനിമാ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമെന്ന് വിശേഷണമുള്ള ചിത്രത്തിന് നിർമാണചെലവ് 40കോടിയോളമെന്നാണ് വാർത്ത.
2019 സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിച്ച ’കുറുപ്പ് ’കഴിഞ്ഞ പെരുന്നാളിന് റിലീസിന് പദ്ധതിയിട്ടതാണ്. എന്നാൽ കോവിഡ് സാഹചര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നീളുന്ന അവസ്ഥയിലാണ് ഒടിടി റിലീസ് നീക്കം.
കൊറോണ പ്രതിസന്ധികൾ പിടിച്ചു കുലുക്കിയ സിനിമാ വിപണിയിൽ ചലച്ചിത്ര നിർമാതാക്കൾ നിലനിൽപ്പിന് പുതിയ വഴികൾ കണ്ടെത്തുന്നത് സ്വാഭാവികമാണ്. സൂപ്പർ സ്റ്റാറുകളുടെ അടക്കം എഴുപതോളം സിനിമകൾ എങ്ങിനെ മുടക്കുമുതൽ തിരിച്ചു പിടിക്കുമെന്ന ആശങ്ക, ഒപ്പം നിലവിൽ വരുന്ന പുതിയ ഓൺലൈൻ നിയന്ത്രണങ്ങൾ, ഈ രംഗത്ത് ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളെ അപേക്ഷിച്ചു വിപണന സാധ്യതകളുടെ അഭാവം തുടങ്ങിയവ തന്നെയാണ് മലയാള സിനിമ ഇന്ന് നേരിടുന്ന വെല്ലുവിളിയും.
പ്രേം ടി. നാഥ്