ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസൺ 2 ലെ താരങ്ങൾ വീണ്ടും ഒന്നിക്കുന്നു. ബോയിംഗ് ബോയിംഗ് എന്ന വെബ് സീരിസിലുടെയാണ് താരങ്ങളുടെ തിരിച്ചുവരവ്.
പ്രിയദർശന്റെ അസോസിയേറ്റ് സുരേഷ് കൃഷ്ണയാണ് സീരിസിന്റെ സംവിധായകൻ. ബിഗ് ബോസ് ഷോയിൽ പതിനേഴാമതായി എത്തിയ മത്സരാർഥികൂടിയായിരുന്നു സുരേഷ്. 1985ൽ പുറത്തിറങ്ങിയ പ്രിയദർശന്റെ ബോയിംഗ് ബോയിംഗ് എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന ഹാസ്യരംഗങ്ങൾ കടന്നുവരുന്നതുകൊണ്ടാണ് സിനിമയുടെ ടൈറ്റിൽ സീരിസിന് കൊടുക്കുന്നത്.
മോഹൻലാൽ, മുകേഷ്, ജഗതി, സുകുമാരി, സോമൻ, മേനക, ശങ്കർ തുടങ്ങി വൻതാരനിരയുള്ള സിനിമയുടെ ഹാസ്യരംഗങ്ങൾക്ക് ഇന്നും ഡിമാൻഡാണ് . മലയാളത്തിൽ മാത്രമല്ല ഹിന്ദിയിലും മറ്റു ഭാഷയിലും പ്രിയൻ ഈ ചിത്രത്തിന്റെ പതിപ്പുകൾ സംവിധാനം ചെയ്തിട്ടുണ്ട്.
നടിയും ബിഗ്ബോസ് താരവുമായ രാജനി ചാണ്ടിയുടെ കളമശേരിയിലെ വീട്ടിലാണ് സീരിസിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമിൽ 2021 ജനുവരി മുതൽ ബോയിംഗ് ബോയിംഗ് പ്രേക്ഷകരിലെത്തിക്കാനാണ് അണിയറക്കാരുടെ പദ്ധതി.
വിവാദങ്ങളും വിമർശനങ്ങളും നിറഞ്ഞു നിന്നിരുന്ന ബിഗ് ബോസ് ഷോ 75 എപ്പിസോഡുകൾക്കു ശേഷം കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തി വെക്കുകയായിരുന്നു. സെലിബ്രിറ്റികൾ ഉൾപ്പെടെ സമൂഹത്തിന്റെ പല മേഖലകളിൽനിന്നുള്ള 17 മത്സരാർഥികളായിരുന്നു ബിഗ് ബോസ്
ഹൗസിൽ ഒന്നിച്ചത്.
ലോക ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ ബഡ്ജറ്റ് ഷോ ദേശീയ, അന്തർദേശീയ തലത്തിൽ വൻവിജയമാണെങ്കിൽ മലയാള പതിപ്പിന് വേണ്ടത്ര വ്യൂവർഷിപ്പ് നേടാൻ കഴിഞ്ഞിരുന്നില്ല. മറ്റു ഭാഷകളിൽ പുതിയ സീസണും തുടങ്ങിക്കഴിഞ്ഞു. മൂന്നാമത്തെ സീസണ് മോഹൻലാലുമായ് ഏഷ്യാനെറ്റിന് കരാർ നിലനിൽക്കുന്നുണ്ടങ്കിലും ഷോ അനിശ്ചിതമായി നീളുമെന്നാണ് അറിയുന്നത്.
പ്രേംടി.നാഥ്