സോഷ്യല്‍ മീഡിയയിലൂടെ താന്‍ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞതിന് നടിയും മോഡലുമായ സാധിക വേണുഗോപാലിനെതിരേ ചിലർ രംഗത്തു വന്നിരുന്നു . ഇത്തരത്തില്‍ തന്നെ കുറ്റക്കാരാക്കിയവര്ക്ക് എതിരെ ഫേസ്ബുക്കിലൂടെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് നടി.
പണം എത്രവേണമെങ്കിലും തരാം, സഹകരിക്കാമോ എന്നു ചോദിച്ചയാളുടെ ഫേസ്ബുക്ക് പേജിന്റെ ലിങ്കും അയച്ച സന്ദേശവും സ്ക്രീൻ ഷോട്ടെടുത്താണ് സാധിക തന്റെ ഫേസ്ബുക്കിൽ പ്രതികരിച്ചത്. താത്പര്യമുള്ളവർക്ക് അയാൾക്കൊപ്പം പോകാം എന്ന സാധികയുടെ കുറിപ്പ് സ്ത്രീസമൂഹത്തെ അപമാനിക്കുന്ന തരത്തിലാണെന്ന വിമർശനവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സാധികയുടെ പ്രതികരണം.
“ഞാന്‍ ചെയ്തു എന്ന് എനിക്ക് അറിയാവുന്ന കാര്യം ആണെങ്കില്‍ അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള വ്യക്തിയല്ല ഞാന്‍. അയാൾ പറഞ്ഞതുപോലെ മുന്‍പ് കൂടിയ കാര്യം എന്താണെന്നു അയാള്‍ക്ക് പോലും അറിയൂല. പക്ഷേ നിങ്ങളില്‍ പലര്‍ക്കും അതറിയാമെന്നുള്ള രീതിയില്‍ ആയിരുന്നു നിങ്ങളുടെ പ്രതികരണം.
അതിലൊരു പെണ്‍കുട്ടി, പീഡനത്തിന്റെ കാരണക്കാര്‍ അടങ്ങി ഒതുങ്ങി ജീവിക്കാത്ത പെണ്ണുങ്ങള് ആണെന്ന് പറഞ്ഞു കേട്ടു... ജിഷയ്ക്കും സൗമ്യക്കും കത്വക്കും ഒക്കെ എന്ത് കുഴപ്പം ആയിരുന്നു? എന്തായിരുന്നു അവരുടെ ഒക്കെ ദുര്‍നടപ്പ്? അഭിനയം ഒരു കലയാണ് അത് പലരുടെയും തൊഴില്‍ ആണ് അത് ചെയ്യുന്നു എന്നത് കൊണ്ട് അവരാരും മോശക്കാര് ആവില്ല.
ഞങ്ങള്‍ ചെയ്യുന്ന കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി ചിത്രീകരിക്കുന്ന കിടപ്പറ രംഗങ്ങളും മറ്റും ജീവിതം ആണെന്ന് വിശ്വസിച്ചു അത് ചെയ്യുന്നവരെ വേശ്യമാരായി കാണുന്നവര്‍ ആണ് നിങ്ങളില്‍ ഭൂരിഭാഗം പേരും. അത് നിങ്ങളാരും മാറ്റാനും പോകുന്നില്ല അങ്ങനെ ഉണ്ടാകും എന്ന പ്രതീക്ഷയും ഇല്ല്യാ. സിനിമയല്ല ജീവിതം. എല്ലാവര്ക്കും ഉണ്ട് കുടുംബവും കുട്ടികളും ബന്ധുക്കളും ഒക്കെ.
ഞാന്‍ മാനം വിറ്റു കാശുണ്ടാക്കിയതിന്റെ എന്ത് തെളിവാണ് നിങ്ങളുടെ കയ്യില്‍ ഉള്ളത്? നിങ്ങള്‍ നിങ്ങളുടെ കണ്ണുകൊണ്ടു കണ്ടോ? കാതു കൊണ്ട് കേട്ടോ? ഇല്ല്യാ. പിന്നെ ഉള്ള തെളിവ് ഞാന്‍ ഇടുന്ന വസ്ത്രം ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങളുടെ സ്വഭാവം അത് വച്ചാണ് നിങ്ങള്‍ എനിക്ക് വിലയിടുന്നതും നിങ്ങളുടെ വില കളയുന്നതും”- സാധിക ഫേസ്ബുക്കിൽ കുറിച്ചു.
ഇത്തരം ആളുകളുടെ പ്രൊഫൈല്‍ പോസ്റ്റ് ചെയ്യുന്നത് നിങ്ങളുടെ സപ്പോര്‍ട്ടിനോ പബ്ലിസിറ്റിക്കോ അല്ല. എന്നെ ഇഷ്ടപെടുന്ന ഒരുപാടു പെണ്‍കുട്ടികള്‍ ഉണ്ട് അവര്‍ക്കു പലപ്പോളും ഇത് പ്രചോദനം ആകാറുണ്ട്. അതുമാത്രം അല്ല ഇത്തരം ആളുകളെ തിരിച്ചറിയാന്‍ ഒരു ഉപകാരം കൂടിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
അല്ലാതെ ഈ ഒരു പോസ്റ്റിട്ടു പേരുണ്ടാക്കിയാല്‍ നാളെ ഓസ്കാര്‍ ഒന്നും കിട്ടൂല- സാധിക പറയുന്നു.