എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിന്റെ സംവിധായകൻ സൂരജ് ടോമും, നിർമാതാവ് നോബിൾ ജോസും വീണ്ടും ഒന്നിക്കുന്നു. പെപ്പർ കോൺ സ്റ്റുഡിയോസ് എന്ന ബാനറിൽ ഒരു കോമഡി ബേസ്ഡ് ഹൊറർ ത്രില്ലറുമായാണ് ഇത്തവണ ഇരുവരും എത്തുന്നത്.
നവംബർ 23 ന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ അയ്യപ്പനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പൊടിമീശ മുളയ്ക്കണ കാലം എന്ന ഹിറ്റ് ഗാനമൊരുക്കിയ സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായി ഒരു സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ സംഗീതവും ആനന്ദിന്റേതാണ്. ഗാനരചന ഹരി നാരായണൻ.
ഹോംനഴ്സ് ആയ ഉണ്ണിക്കണ്ണന്റെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഉണ്ണിക്കണ്ണനായി വിഷ്ണു ഉണ്ണിക്കൃഷ്ണൻ സ്ക്രീനിലെത്തുന്നു.
മേക്കിംഗിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറും, സൗണ്ട് ഡിസൈനിംഗ് ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും ദേശീയ അവാർഡ് ജേതാവുമായ ജെസ്റ്റിൻ ജോസുമാണ്.
ചിത്രത്തിനു വേണ്ടി വികൃതി, പാ.വ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും, വിഎഫ്എക്സ് ആർട്ടിസ്റ്റുമായ അജീഷ് പി തോമസ് ഒരുക്കിയ ടൈറ്റിൽ അനിമേഷൻ ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇഫാർ മീഡിയയാണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.