കൊച്ചി രാജ്യത്തിന്റെ തന്പുരാക്കന്മാരുടെ നീണ്ട ശ്യംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തൻതന്പുരാൻ. രാജാരാമവർമ്മ എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ ശില്പിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്. തിരുവിതാംകൂർ രാജ്യത്ത് മാർത്താണ്ഡവർമ്മ എന്ന പോലെയാണ് കൊച്ചിരാജ്യചരിത്രത്തിൽ ശക്തൻതന്പുരാന്റെ സ്ഥാനം.
അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹാസിക ചരിത്രത്തിന്റെ വിസ്മയത്തിലേക്ക് വെളിച്ചം വീശുക എന്ന ദൗത്യമാണ് ഹിസ് ഹൈനസ് ശക്തൻ തന്പുരാൻ എന്ന ഡോക്യുമെന്ററി ചിത്രത്തിലൂടെ നിർവഹിക്കപ്പെടുന്നത്. കനത്ത യുദ്ധങ്ങളും അക്രമങ്ങളും ഒന്നുംതന്നെ ചെയ്തിട്ടില്ലാത്ത അദ്ദേഹത്തിന് എങ്ങനെ ശക്തൻതന്പുരാൻ എന്ന നാമം സിദ്ധിച്ചു? ചരിത്രത്തിന്റെ നാൾവഴികളിലേക്ക് ഒരുയാത്ര നടത്തുകയാണ് ഈ ഡോക്യുമെന്ററി.
പഠനാർഹമായ രീതിയിൽ അനേകം ഗവേഷണങ്ങൾക്ക് ഒടുവിൽ ചിത്രത്തിന്റെ ഒന്നാംഭാഗം പൂർത്തിയായി. ഡോ. രാജേഷ് കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. രചനയും ഛായാഗ്രഹണവും റഫീഖ് പട്ടേരി നിർവഹിക്കുന്നു. അവതരണവും ഗവേഷണവും വൈഷ്ണവി കൃഷ്ണൻ നിർവഹിക്കുന്നു.
തൃശൂർ, തൃപ്പൂണിത്തുറ വെള്ളാരപ്പള്ളി കോവിലകം, മട്ടാഞ്ചേരി, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ജോലികൾ ആരംഭിച്ചു കഴിഞ്ഞു.