മമ്മൂട്ടിയുടെ കരിയറില്‍ വഴിത്തിരിവായ ചിത്രമായിരുന്നു ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ന്യൂ ഡല്‍ഹി. ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോയ് തോമസാണ് ( ജൂബിലി ജോയ്) ഈ സിനിമ നിർമിച്ചത്.
രാഷ്ട്രീയക്കാരുടെ കുറ്റകൃത്യങ്ങള്‍ വെളിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ തടവിലാക്കപ്പെടുന്ന ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകനായ കൃഷ്ണമൂര്‍ത്തിയായാണ് മമ്മൂട്ടി വേഷമിട്ടത്. ജയിലില്‍ വച്ച് കാലുകള്‍ നഷ്ടമാകുന്ന കൃഷ്ണ മൂര്‍ത്തിയുടെ പ്രതികാരമാണ് ചിത്രത്തിന്റെ പ്രമേയം.
ഇപ്പോഴിതാ കാല് നഷ്ടപ്പെട്ട ശേഷമുള്ള കൃഷ്ണമൂര്‍ത്തിയെ അവതരിപ്പിക്കാനായി മമ്മൂട്ടി ഏറെ കഷ്ടപ്പെട്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാവ് ജൂബിലി ജോയ്. ഒരഭിമുഖത്തിലാണ് അദ്ദേഹം സിനിമയുടെ അണിയറ കഥകള്‍ പങ്കുവച്ചത്.
മമ്മൂട്ടി ആ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. പകല്‍ മുഴുവന്‍ ഒടിഞ്ഞ കാലിനെ പിന്തുണയ്ക്കുന്ന ഉപകരണം വച്ച് നടക്കുന്നതുകൊണ്ട് കാലിനു വലിയ വേദനയായിരുന്നു. രാത്രിയില്‍ എന്നും കുഴന്പിട്ടു തിരുമ്മേണ്ടതായി വന്നു. ഒരുപാട് വേദന അനുഭവിച്ചാണ് മമ്മൂട്ടി ആ കഥാപാത്രം ചെയ്തത്. അദ്ദേഹം ഉള്‍പ്പടെ എല്ലാവരും നല്ല രീതിയില്‍ സഹകരിച്ചത് കൊണ്ടാണ് അത്രയും മികച്ച ഒരു സിനിമ നടന്നത്- ജൂബിലി ജോയ് പറഞ്ഞു.