ദിലീപിന്റെ നായികയായി രസികൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയ നടിയാണ് സംവൃത സുനിൽ. എന്നാൽ അതിന് മുൻപ് തന്നെ സംവൃതയെ തേടി സിനിമയിൽ നിന്ന് അവസരങ്ങൾ എത്തിയിരുന്നു. എന്നാലത് സംവൃത നിരസിക്കുകയായിരുന്നുവെന്നു റിപ്പോർട്ടുകൾ. പൃഥ്വിരാജിനൊപ്പം അഭിനയിക്കാനുള്ള അവസരമാണ് സംവൃത തള്ളിക്കളഞ്ഞത്.
ഒന്പതാം ക്ലാസിൽ പഠിക്കുന്പോഴാണ് പൃഥ്വിരാജിന്റെ നായികയായി നന്ദനം എന്ന സിനിമയിലേക്ക് സംവൃതയ്ക്ക് അവസരം ലഭിച്ചത്. പക്ഷേ അന്ന് താൽപ്പര്യം ഇല്ലാത്തത് കൊണ്ട് പോയില്ല. പിന്നീട് 2004ൽ രസികൻ എന്ന സിനിമയിലാണ് അഭിനയിച്ചതെന്നും നടി വ്യക്തമാക്കി.
ഞാൻ കോളജ് ഹോസ്റ്റലിൽ പല്ല് തേച്ച് കൊണ്ടിരുന്നപ്പോഴാണ് ലാൽ ജോസ് സാറും രാജീവ് അങ്കിളും എന്നെ കാണാൻ ഹോസ്റ്റലിൽ എത്തിയത്. സംവിധായകൻ രഞ്ജിത് അങ്കിൾ കുടുംബ സുഹൃത്താണ്. അങ്കിൾ പറഞ്ഞിട്ടാണ് ഇവർ അപ്രതീക്ഷിതമായി ഹോസ്റ്റലിൽ എത്തിയത്.
കൂടാതെ തലേ ദിവസം വിളിച്ച് എന്റെ ഉയരം ചോദിച്ചപ്പോൾ അഭിനയിക്കാൻ താൽപ്പര്യമില്ലാത്തതിനാൽ ഉയരം കൂട്ടി പറഞ്ഞു. എന്നാൽ നേരിൽ കണ്ടപ്പോൾ അവർ എന്റെ ഫോട്ടോ എടുത്തു. രണ്ട് ദിവസം കഴിഞ്ഞ് തന്നെ സിനിമയിലേക്ക് എടുത്തെന്ന് വീട്ടിലേക്ക് വിളിച്ചറിയിച്ചു. അടുത്ത ദിവസം തന്നെ രസികൻ ചിത്രീകരണം ആരംഭിച്ചു- സംവൃത പറഞ്ഞു.