തന്റെ ജീവിതത്തില്അധികമാരും അറിയാതെ കടന്നുപോയ സംഭവങ്ങളെക്കുറിച്ച് ഒടുവില്‍ തുറന്നു പറഞ്ഞ് നടി സനുഷ.
ജീവിതത്തില്‍ നേരിട്ട അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ തന്നെ തകര്‍ത്തു, മരണത്തെക്കുറിച്ചു പോലും ആലോചിക്കുന്ന സ്ഥിതിയിലെത്തിച്ചതായി ബുധനാഴ്ച രാത്രി പുറത്തുവിട്ട വീഡിയോയില്‍ സനുഷ പറയുന്നു.
വിഷാദ രോഗത്തെ അതിജീവിച്ച അനുഭവമാണ് സനുഷ പങ്കുവച്ചിരിക്കുന്നത്. കോവിഡ് ലോക്ക്ഡൗണ്‍ തുടങ്ങിയ സമയം തന്നെ വരിഞ്ഞുമുറുക്കിയ വിഷാദവും അതില്‍നിന്നു പുറത്തുകടന്നതുമൊക്കെ യൂട്യൂബ് ചാനലിലൂടെയാണ് സനുഷ പങ്കുവച്ചിരിക്കുന്നത്.
അതേസമയം, വീഡിയോയില്‍ പറഞ്ഞതിനെക്കുറിച്ചു കൂടുതല്‍ സംസാരിക്കാന്‍ താത്പര്യമില്ലെന്നും താന്‍ അനുഭവിച്ച കാര്യങ്ങളാണ് വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നതെന്നും സനുഷ ദീപികയോടു പറഞ്ഞു. കൂടുതല്‍ പ്രതികരിച്ച് ഇതൊരു വലിയ ചര്‍ച്ചയും വാര്ത്തയുമാക്കാന് ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സനുഷയുടെ വാക്കുകള്‍:
’’കോവിഡിന്റെ തുടക്കസമയം എല്ലാം കൊണ്ടും എനിക്കു വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു. വ്യക്തിപരമായും തൊഴില്‍പരമായും ഒക്കെ എന്റെ ചിരി ഇല്ലാതായ ദിവസങ്ങള്‍.. എന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയും ഒക്കെ ആരോടു പറയുമെന്നോ എങ്ങനെ പറയുമെന്നോ അറിയില്ലായിരുന്നു.
പക്ഷേ, ആ അനുഭവങ്ങളിലൂടെ ഞാന്‍ വളരുകയായിരുന്നു. ഡിപ്രഷന്, പാനിക്ക് അറ്റാക്ക് എല്ലാം ഉണ്ടായിട്ടുണ്ട്. ആരോടും സംസാരിക്കാന്‍ തോന്നിയിരുന്നില്ല. പ്രത്യേകിച്ച് ഒന്നിനോടും താത്പര്യം തോന്നാത്ത അവസ്ഥ.
ഒരു ഘട്ടത്തില്‍ എന്തെങ്കിലും തെറ്റ് ചെയ്തു പോയേക്കുമോ എന്നു പോലും ഭയപ്പെട്ടു. ആത്മഹത്യാ ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടിരുന്നു...
ഈ അവസ്ഥയില്‍നിന്ന് ഓടി രക്ഷപ്പെടുക എന്ന ഓപ്ഷന് മാത്രമാണ് മുന്നില്‍ ഉണ്ടായിരുന്നത്. അങ്ങനെ വളരെ അടുപ്പം ഉള്ളവരില്‍ ഒരാളെ മാത്രം വിളിച്ച്, ഞാന്‍ വരികയാണ് എന്നും പറഞ്ഞ് എന്റെ കാറുമെടുത്തു പോയി, വയനാട്ടിലേക്ക്...
ആളുകളൊക്കെ ഇപ്പോള്‍ കാണുന്ന ചിരിച്ചു കളിച്ചു നില്ക്കുന്ന എന്റെ ചിത്രങ്ങള്‍ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നപ്പോള്‍ എടുത്തതാണ്.
വീട്ടില്‍ പറയാന്‍ പേടിയായിരുന്നു. സൈക്കോളജിസ്റ്റിനേയോ സൈക്യാട്രിസ്റ്റിനേയോ കാണുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് കൂടുതലാളുകളും ഇപ്പോഴും ചിന്തിക്കുന്നത്. അതൊരു മോശം കാര്യമാണെന്നാണു പലരും കരുതുന്നത്. അത്തരം ആശങ്കകള്‍ ഉണ്ടായിരുന്നതിനാല്‍ വീട്ടില്‍ ആരോടും പറയാതെ ഞാനൊരു ഡോക്ടറുടെ സഹായം തേടി. മരുന്നുകള്‍ കഴിച്ചുതുടങ്ങി. ഇനി വീട്ടില്‍ പറഞ്ഞാലും കുഴപ്പമില്ല എന്നു തോന്നിയപ്പോള്‍ കാര്യം അവതരിപ്പിച്ചു.
പ്രതീക്ഷിച്ച പോലെ തന്നെ ചെറിയ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായി. നിനക്കു പ്രശ്നങ്ങളൊന്നുമില്ല, ഞങ്ങളില്ലേ കൂടെ എന്നൊക്കെ പറഞ്ഞു. അവരൊക്കെ ഉണ്ടായിരുന്നു. പക്ഷേ, ചില ഘട്ടങ്ങളില്‍ അതൊന്നും നമുക്ക് ആരോടും പറയാന്‍ കഴിയില്ല.
ആ സമയത്തു ഞാന്‍ എല്ലാ കാര്യങ്ങളും പങ്കുവച്ചിരുന്നത് എന്റെ അനിയനോടാണ്. ഡോക്റുടെ അടുത്തുപോയതും ആത്മഹത്യാ ചിന്തകളുണ്ടായതുമൊക്കെ അവനോടു പറഞ്ഞിട്ടുണ്ട്. എന്നെ പിടിച്ചുനിര്‍ത്തിയൊരു ഫാക്ടര്‍ അവനാണ്. ഞാന്‍ പോയാല്‍ അവനാര് എന്ന ചിന്തയാണ് ആത്മഹത്യ ചെയ്യണമെന്ന പ്രേരണയില്‍നിന്ന് എന്നെ പിന്തിരിപ്പിച്ചത്. പിന്നെ തിരിച്ചുവരാനാകുന്ന എല്ലാം ചെയ്തു.
യോഗ, ഡാന്‍സ് എല്ലാം ചെയ്യാന്‍ തുടങ്ങി. യാത്രകള്‍ ചെയ്തു, കോവിഡ് മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ... കാടിനോടും മലകളോടുമൊക്കെ സംസാരിച്ചു സമാധാനപരമായ അന്തരീക്ഷങ്ങളില്‍ സമയം ചെലവഴിച്ചു.
അതില്‍ നിന്നൊക്കെ എനിക്ക് വളരെ പ്രിയപ്പെട്ട നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഞാന്‍ ഹാപ്പിയായിരുന്നു എന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. അതുകൊണ്ടു തന്നെ നിനക്ക് എങ്ങനെ ഉണ്ട് , ഓകെ ആണോ എന്നൊന്നും ആരും ചോദിച്ചിട്ടല്ല.
സുശാന്തിന്റെ മരണവാര്‍ത്തയൊക്കെ എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ആരോടും സംസാരിക്കാനൊന്നും തോന്നാതെ, അത് ഞാന്‍ തന്നെയാണെന്ന് സങ്കല്പിച്ചിട്ടുണ്ട്.
ഇപ്പോള്‍ മെഡിസിന്‍സ് ഒക്കെ മെല്ലെ നിര്‍ത്തി. മൂന്നു മാസത്തോളം വളരെ മോശം അവസ്ഥയിലൂടെയായിരുന്നു കടന്നുപോയിരുന്നത്. ജീവിതത്തെ വീണ്ടും സ്നേഹിക്കാന്‍ തുടങ്ങി. എന്നെക്കുറിച്ച് ഇപ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നുണ്ട്, വിട്ടുകൊടുക്കാതിരുന്നതിന്...
എല്ലാവരോടും പറയാനുള്ളത്, സഹായം തേടുന്നതില്‍ മടി കാണിക്കാതിരിക്കുക. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരുപാട് പേരുണ്ട്. ചിലപ്പോള്‍ നമുക്കു പ്രിയപ്പെട്ടവരോടു പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ അപരിചിതനായ ഒരു ഡോക്റോടു നമുക്കു പറയാന്‍ സാധിച്ചേക്കാം. എല്ലാവരും ഉണ്ട് ഒപ്പം, വെറും വാക്കുകളായി പറയുന്നതല്ല... ’ എന്ന് പറഞ്ഞുകൊണ്ടാണ് സനുഷയുടെ വീഡിയോഅവസാനിക്കുന്നത്.
റെനീഷ് മാത്യു