വർഷങ്ങൾ നീണ്ട കരിയറിൽ മുൻനിരസംവിധായകർക്കൊപ്പവും പുതിയ സംവിധായകർക്കൊപ്പവും സിനിമകൾ ചെയ്ത നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും ഇന്നും പ്രേക്ഷക മനസുകളിൽ നിറഞ്ഞു നിൽക്കുന്നവയാണ്.
മമ്മൂട്ടിയെ നായകനാക്കി വി.എം. വിനു സംവിധാനം ചെയ്ത സിനിമകളിൽ ഒന്നായിരുന്നു പല്ലാവൂർ ദേവനാരായണൻ. 1999-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂക്ക ടൈറ്റിൽ റോളിലാണ് എത്തിയത്.
വി.എം. വിനു തന്റെ കരിയറിന്റെ തുടക്കത്തിൽ ചെയ്ത സിനിമകളിൽ ഒന്നുകൂടിയായിരുന്നു പല്ലാവൂർ ദേവനാരായണൻ. ഗിരീഷ് പുത്തഞ്ചേരിയുടെ തിരക്കഥയിലായിരുന്നു ചിത്രം ഒരുങ്ങിയിരുന്നത്. മമ്മൂട്ടിക്കൊപ്പം നെടുമുടി വേണു, ദേവൻ, ജഗദീഷ്, കവിയൂർ പൊന്നമ്മ, കലാഭവൻ മണി, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.
പല്ലാവൂർ ദേവനാരായണന്റെ റോൾ ആദ്യം മമ്മൂട്ടിയിലേക്കാണ് എത്തിയതെങ്കിലും അന്ന് മമ്മൂക്ക മോഹൻലാലിന്റെ പേരായിരുന്നു ഈ റോളിനായി നിർദ്ദേശിച്ചത്. സിനിമയെകുറിച്ചും കഥാപാത്രത്തെ കുറിച്ചും പറഞ്ഞപ്പോൾ ഇത് ലാലിന് പറ്റിയ റോൾ അല്ലേ എന്നായിരുന്നു മെഗാസ്റ്റാറിന്റെ ചോദ്യം.
എന്നാൽ സംവിധായകൻ വി.എം. വിനുവിന് ഈ റോൾ മമ്മൂക്ക തന്നെ ചെയ്യണമെന്ന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ പല്ലാവൂർ ദേവനാരായണനെ മെഗാസ്റ്റാർ തന്നെ അവതരിപ്പിക്കുകയായിരുന്നു.
സിനിമ ബോക്സോഫീൽ അത്ര വിജയമായില്ലെങ്കിലും പിന്നീട് മിനിസ്ക്രീനിൽ വന്നപ്പോൾ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. പല്ലാവൂർ ദേവനാരായണന് പുറമെ ബസ് കണ്ടക്ടർ, വേഷം, ഫേസ് ടു ഫേസ് തുടങ്ങിയ സിനിമകളും മമ്മൂട്ടി വി.എം. വിനു കൂട്ടുകെട്ടിൽ മലയാളത്തിൽ പുറത്തിറങ്ങിയിരുന്നു. ഇതിൽ വേഷം, ബസ് കണ്ടക്ടർ തുടങ്ങിയ സിനിമകളെല്ലാം തന്നെ തിയറ്ററുകളിൽ വിജയമായി മാറിയിരുന്നു.
മോഹൻലാലിനെ നായകനാക്കി ബാലേട്ടൻ എന്ന ചിത്രമാണ് വി.എം. വിനു സംവിധാനം ചെയ്തിരുന്നത്. കുടുംബ പ്രേക്ഷകരും യുവാക്കളും ഒന്നടങ്കം ഒരേപോലെ ഏറ്റെടുത്ത ചിത്രമായിരുന്നു ബാലേട്ടൻ.