മലയാളത്തിന്റെ പ്രിയ സംവിധായകനാണ് സിബി മലയിൽ. ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിനു സമ്മാനിച്ച സംവിധായകൻ.
രഞ്ജിത്തും ഷാജി കൈലാസും ചേർന്ന് നിർമിച്ച് മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമയാണ് ഉസ്താദ്. 1999- ൽ പ്രദർശനത്തിനെത്തിയ ചിത്രം കാര്യമായ വിജയം കാണാതെ പോവുകയായിരുന്നു. എന്നാൽ ഈ ചിത്രം യാദൃച്ഛികമായി തന്നിലേക്ക് വന്നു ചേർന്നതാണെന്നും തന്റെ ശൈലിയുള്ള സിനിമ അല്ലാതിരുന്നിട്ടും അങ്ങനെയൊരു പ്രൊജക്റ്റ് മുന്നിൽ വന്നപ്പോൾ അത് ചെയ്യുകയായിരുന്നുവെന്നും സിബി മലയിൽ ഒരിക്കൽ പറഞ്ഞു.
ഉസ്താദ് എന്ന സിനിമ ഞാനും മോഹൻലാലും മറ്റൊരു നിർമാതാവിന് വേണ്ടി ചെയ്യാനിരുന്ന സിനിമയായിരുന്നു. പക്ഷെ എന്റെയും മോഹൻലാലിന്റെയും അതിന് മുന്പുള്ള ഒരു സിനിമ പരാജയപ്പെട്ടത് കൊണ്ട് എന്നെ മാറ്റണം എന്ന് നിർമാതാവ് മോഹൻലാലിനോട് പറഞ്ഞു. അപ്പോൾ മോഹൻലാൽ പറഞ്ഞു, ഞാൻ നിങ്ങൾക്ക് ഡേറ്റ് നൽകിയത് സിബി മലയിൽ എന്ന സംവിധായകനുമായി സിനിമ ചെയ്യാൻ വേണ്ടിയാണ്. അത് കൊണ്ട് നിങ്ങൾക്ക് വേണേൽ ഈ പ്രൊജക്റ്റിൽ നിന്ന് മാറാം... എന്നായിരുന്നു.
അതോടെ ഞങ്ങളുടെ സിനിമ രഞ്ജിത്തും ഷാജി കൈലാസും കൂടി നിർമിക്കാൻ തീരുമാനിച്ചു, അതാണ് മോഹൻലാൽ എന്ന നടന്റെ മഹത്വം. അദ്ദേഹത്തിന് വേണമെങ്കിൽ എന്നെ ഒഴിവാക്കിയിട്ട് മറ്റൊരു സംവിധായകനുമായി ചേർന്ന് ആ സിനിമ ചെയ്യാമായിരുന്നു, പക്ഷെ മോഹൻലാൽ അത് ചെയ്തില്ല- സിബി മലയിൽ ഒരഭിമുഖത്തിൽ പറഞ്ഞു.