കായികവിനോദം പ്രമേയമാക്കി നിരവധി ചിത്രങ്ങൾ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.അവയിൽ മിക്കവയും തിയറ്ററുകളിൽ നിന്നും മികച്ച വിജയം നേടുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലെ പ്രധാനപ്പെട്ട ചില സ്പോർട്സ് ചിത്രങ്ങളെക്കുറിച്ചറിയാം...
1. 1983
ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ പറഞ്ഞ സൂപ്പർഹിറ്റ് ചിത്രമായിരുന്നു എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983. നിവിൻ പോളി, അനൂപ് മേനോൻ, ജോയ് മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം നിവിൻ പോളിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നുകൂടിയാണ്.
2. സുഡാനി ഫ്രം നൈജീരിയ
സൗബിൻ ഷാഹിർ നായകനായെത്തുന്ന ആദ്യ ചിത്രമെന്ന തരത്തിൽ തുടക്കം മുതലേ സുഡാനി ഫ്രം നൈജീരിയ വാർത്തകളിലിടം പിടിച്ചിരുന്നു. മലപ്പുറത്തുകാരുടെ കാൽപ്പന്തുകളി പ്രണയത്തെക്കുറിച്ച് പറഞ്ഞ ചിത്രത്തിന് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരമടക്കം അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് ലഭിച്ചത്.
3. ഫൈനൽസ്
രജിഷ വിജയൻ നായികയായി എത്തിയ ചിത്രമായിരുന്നു ഫൈനൽസ്.നടി മുത്തുമണിയുടെ ഭർത്താവ് പി ആർ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്.ഒളിന്പിക്സിനായി തയാറെടുക്കുന്ന ഒരു സൈക്ലിസ്റ്റിന്റെ കഥാപാത്രത്തെയാണ് രജിഷ ചിത്രത്തിൽ അവതരിപ്പിച്ചത്.
4. ക്യാപ്റ്റൻ
പത്രപ്രവർത്തകൻ പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ക്യാപ്റ്റൻ. ജയസൂര്യയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.അന്തരിച്ച ഇന്ത്യൻ ഫുട്ബോൾ താരം വി .പി. സത്യന്റെ ജീവിതമാണ് ചിത്രം പറയുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നായ കാലിക്കറ്റ് സർവകലാശാലയിലെ കളിക്കളത്തിലാണ് ക്യാപ്റ്റൻ ചിത്രീകരിച്ചത്.
5. ഗോദ
കുഞ്ഞിരാമായണത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ഗോദ. ടൊവീനോ തോമസ്, രഞ്ജി പണിക്കർ,വാമിഖ ഗബ്ബി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം അവതരണരീതീയിലും സാങ്കേതിക മികവിലും ഏറെ മുന്നിട്ടുനിൽക്കുന്നു. ഗുസ്തി എന്ന കായികവിനോദത്തെ സീരിയസായി അവതരിപ്പിച്ച ചിത്രം ആ വർഷത്തെ ഹിറ്റു ചിത്രങ്ങളിലൊന്നുകൂടിയായിരുന്നു.
6. കരിങ്കുന്നം സിക്സസ്
ദീപു കരുണാകരൻ സംവിധാനം ചെയ്ത ചിത്രമാണ് കരിങ്കുന്നം സിക്സസ്.മഞ്ജു വാര്യർ,ബാബു ആന്റണി,സുധീർ കരമന,അനൂപ് മേനോൻ,സന്തോഷ് കീഴാറ്റൂർ,ലെന,സുരാജ് വെഞ്ഞാറമൂട് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലുള്ളത്.ചിത്രത്തിൽ വോളിബോൾ കോച്ചായിട്ടാണ് മഞ്ജു വാര്യർ എത്തുന്നത്.
7. പന്ത്
മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ അബേനി ആദി പ്രധാന കഥാപാത്രമായി എത്തിയ ’പന്ത്’.ഫുട്ബോളിനെ സ്നേഹിക്കുന്ന എട്ടുവയസുകാരിയുടെ കഥയാണ് ’പന്ത്’ അവതരിപ്പിക്കുന്നത്.ആബേനി ആദിയുടെ പിതാവ് ആദി ബാലകൃഷ്ണൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.
8. സെവൻസ്
മലബാറിൽ പ്രചാരത്തിലുള്ള സെവൻസ് ഫുട്ബോളിനെ പശ്ചാത്തലമാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് സെവൻസ്.നാദിയ മൊയ്തു,കുഞ്ചാക്കോ ബോബൻ,അജു വർഗീസ്,മണിയൻപിള്ള രാജു,മാമുക്കോയ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
9. ടൂർണമെന്റ്
ലാൽ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ടൂർണമെന്റ്. മനു, രൂപ മഞ്ജരി, ഫഹദ് ഫാസിൽ, പ്രവീണ്‍ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.