തെന്നിന്ത്യൻ സൂപ്പർ താരസുന്ദരി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും എന്ന് വിവാഹിതരാകുമെന്ന് കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. വിഘ്നേഷും നയൻതാരയും ഒന്നിച്ചുള്ള ചിത്രങ്ങൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്പോഴും ആരാധകർ ചോദിക്കുന്നത് വിവാഹം ഇനിയെന്നാണെന്നാണ്.
തങ്ങൾ വിവാഹിതരാകുമെന്ന് വിഘ്നേഷും നയൻസും ഇതുവരെ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഇതേപ്പറ്റി വിഘ്നേഷ് മനസു തുറന്നിരിക്കുകയാണ്.
തങ്ങൾ വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിൽ 22 തവണ ഇന്റർനെറ്റിൽ വാർത്തകൾ വന്നിട്ടുണ്ടെന്ന് വിഘ്നേഷ് ശിവൻ പറയുന്നു. മൂന്നു മാസം കൂടുന്പോൾ ഇത്തരത്തിൽ വാർത്തകൾ വരും. ഞങ്ങളുടെ ശ്രദ്ധ ഇപ്പോഴും പൂർണമായി ജോലിയിൽ തന്നെയാണ്. ചില ലക്ഷ്യങ്ങളുണ്ട്. അതൊക്കെ പൂർത്തീകരിക്കണം. അതൊക്കെ കഴിഞ്ഞ് വേണം ഞങ്ങളുടേതായ ലോകത്തേക്ക് പോകുവാൻ. പ്രണയം മടുത്തു തുടങ്ങുന്പോൾ വിവാഹത്തിലേക്ക് കടക്കാം. അപ്പോൾ എല്ലാവരേയും അറിയിക്കും. - വിഘ്നേഷ് ശിവൻ പറയുന്നു.
സീ അവാർഡ് വേദിയിൽ വെച്ചാണ് നയൻസ് ആദ്യമായി വിഘ്നേഷുമായുള്ള പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നത്. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് വിഘ്നേഷും നയൻസും പ്രണയബദ്ധരാകുന്നത്.