കവിതകൊണ്ട് കാലത്തെ അടയാളപ്പെടുത്തിയ മഹാകവി വയലാര്‍ രാമവര്‍മ വെള്ളിത്തിരയില്‍ പുനര്‍ജനിക്കുന്നു.
ബയോപിക്കിന്റെ പുതിയ ശൈലിയിലൂടെയാണു വയലാറിന്റെ ജീവിതം ചലച്ചിത്രമായി ആസ്വാദകമുന്നിലേക്കെത്തുന്നത്. 250 ലേറെ സിനിമകള്‍ക്കായി 1,500 ലധികം ഗാനങ്ങള്‍, 150 ലേറെ നാടക ഗാനങ്ങള്‍, നൂറിലേറെ കവിതകള്‍, വയലാര്‍ മൂന്നര പതിറ്റാണ്ടോളം അക്ഷരസൂര്യനായി ജ്വലിച്ചു നിന്നു. കേരളം നെഞ്ചേറ്റിയ ഈ വയലാറിന്റെ ജീവിതകഥയാണു വെള്ളിത്തിരയിലേക്കെത്തുന്നത്.
മൂന്നു കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ജനപ്രിയ ചലച്ചിത്രമായിരിക്കും ഇതെന്നു അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. വയലാര്‍ ജീവിതം, മലയാള സിനിമയുടെ സുവര്‍ണകാലം, പുന്നപ്രവയലാര്‍ സമരം എന്നിങ്ങനെ വലിയ ക്യാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നത്. സ്ക്രീനിലും സാങ്കേതിക രംഗങ്ങളിലുമായി പ്രഗത്ഭരുടെ നീണ്ട നിരതന്നെ ചിത്രത്തിനു പിന്നിലുണ്ട്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിക്ക് മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ചലച്ചിത്രഭാഷ്യം ഒരുക്കിയ പ്രമോദ് പയ്യന്നൂരാണ് ഈ ചിത്രത്തിന്റെയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. വയലാറിനെക്കുറിച്ച് ദൃശ്യമാധ്യമരംഗത്ത് വ്യത്യസ്തങ്ങളായ പ്രോഗ്രാമുകള്‍ ചെയ്ത സംവിധായകന് കൂടിയാണ് പ്രമോദ്.
ലൈന്‍ ഓഫ് കളേഴ്സിന്റെ ബാനറില്‍ എം.സി.അരുണും സലില്‍ രാജും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊഡക്ഷന്‍ കണ്ട്രോളര് സേതു അടൂര്‍. രതീഷ് സുകുമാരനും, കെ. ബിനുകുമാറുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. അഭിനേതാക്കള്‍ ഉള്‍പ്പെടെയുള്ള സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ താമസിയാതെ പുറത്തുവിടും.