താമരശേരി /വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ കോടഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആല്ഫൈന് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവമ്പാടി സിഐ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്.
ആറു പേരെ ആസൂത്രിതമായികൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജോളിയമ്മ ജോസഫ് എന്ന ജോളി(47), ജോളിക്കു സയനൈഡ് എത്തിച്ചു നല്കിയ മഞ്ചാടിയില്‍ എം.എസ്.മാത്യു എന്ന ഷാജി(44), മാത്യുവിനു സയനൈഡ് കൊടുത്ത താമരശേരി തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ പ്രജികുമാര്‍(48), വ്യാജ ഒസ്യത്ത് തയാറാക്കാന്‍ സഹായിച്ച കട്ടാങ്ങല്‍ സ്വദേശി തട്ടൂര്‍പൊയില്‍ കെ.മനോജ് എന്നിവരാണു കേസിലെ പ്രതികള്‍ .
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കൂടത്തായി കൊലപാതക പരമ്പരയില്‍ മൂന്നാമത്തെ കേസിലാണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. 139 സാക്ഷികളും 130 രേഖകളുമായി 500-ഓളം പേജുള്ളതാണ് കുറ്റപത്രം. ഷാജുവിനെ വിവാഹം ചെയ്യുമ്പോള്‍ പെണ്‍കുഞ്ഞ് എന്ന നിലയില്‍ ആല്ഫെന് ബാധ്യതയാകും എന്ന ചിന്തയാണു ജോളിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
സിലിയുടെ മരണം സയനൈഡ് മൂലമെന്ന് സ്ഥിരീകരിച്ചതായി എസ്പി
വടകര: കൂടത്തായി കൊലപാത കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണം സയനൈഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി റൂറല്‍ എസ്പി കെ.ജി.സൈമണ്‍. ഇതു സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതായി എസ്പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത് കൂടത്തായി കേസുകളില്‍ നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. സയനൈഡിന്റെ അംശം കണ്ടെത്തിയില്ലെങ്കില്‍ കേസിനു തിരിച്ചടിയാവുമെന്നു പോലും സംശയമുണ്ടായിരുന്നു. പോലീസിന്റെ നിഗമനം ശരിവയ്ക്കുന്നതാണ് ഈ തെളിവ്.