ബാലതാരമായി സിനിമയിലെത്തി പിന്നീടു നായികയായി തിരിച്ചു വരവ് നടത്തിയ ഒരുപാട് സുന്ദരിമാരുണ്ട്. മലയാളത്തിലും അത്തരത്തിലുള്ള നായികമാരെ കാണാൻ കഴിയും. അവരുടെ കൂട്ടത്തിലേക്ക് എത്തുകയാണ് ബേബി നയൻതാരയും.
കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിൽ ബാലതാരമായാണു നയൻതാര വെള്ളിത്തിരയിലെത്തിയത്. പിന്നീടു മലയാളത്തിനു പുറമെ തമിഴിലും ബേബി നയൻതാര അഭിനയിച്ചിരുന്നു. ഒരിടവേളയ്ക്കു ശേഷം നയൻതാര ശക്തമായൊരു തിരിച്ചുവരവിനു വേണ്ടി ഒരുങ്ങുകയാണിപ്പോൾ. വരാനിരിക്കുന്ന സിനിമയിൽ നായികയായി അരങ്ങേറ്റം നടത്താനുള്ള തയാറെടുപ്പിലാണെന്നും അതിന് വേണ്ടിയാണ് ഒരു ഇടവേള എടുത്തതെന്നും ഒരഭിമുഖത്തിൽ നയൻതാര തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
കിലുക്കം കിലു കിലുക്കം എന്ന എന്റെ ആദ്യ സിനിമയിൽ അഭിനയിക്കുന്പോൾ എനിക്ക് രണ്ടര വയസാണ്. ആ സമയത്ത് ഭക്ഷണം കഴിക്കാൻ മടിയുള്ള കൂട്ടത്തിലായിരുന്നു ഞാൻ. അന്നേരം കാവ്യ ചേച്ചിയും ജയൻ ചേട്ടനുമൊക്കെയാണ് എനിക്ക് ഭക്ഷണം വാരി തന്നിരുന്നത്. ലാലങ്കിൾ എന്നെ ടേക്ക് ആർട്ടിസ്റ്റ് എന്നായിരുന്നു വിളിച്ചിരുന്നത്. കാരണം ഞാൻ റിഹേഴ്സലിന് നിൽക്കില്ലായിരുന്നു.
ഒന്നാമത് എനിക്ക് അറിയില്ല. അതുകൊണ്ട് നേരെ ടേക്കിന് പോവാറാണ് പതിവ്. അങ്ങനെ വീണ പേരാണ് ടേക്ക് ആർട്ടിസ്റ്റ് എന്നത്. ഇവരുമായിട്ടൊക്കെ ഇപ്പോഴും നല്ല ബന്ധമാണുള്ളത്. ഒരുപാട് സീനിയർ താരങ്ങൾക്കൊപ്പം അഭിനയിക്കാനായിട്ടുണ്ട്. അതൊരു ഭാഗ്യം. ലാലങ്കിളിനൊപ്പം രണ്ട് സിനിമകളും മമ്മൂട്ടിയങ്കിളിനൊപ്പം രണ്ട് സിനിമകളും ചെയ്തിട്ടുണ്ട്. അതൊക്കെ വലിയ വലിയ അനുഭവങ്ങളായിരുന്നു. അവരോടൊപ്പം ഇനിയും അഭിനയിക്കാൻ കാത്തിരിക്കുന്നു.
ട്രിവാൻഡ്രം ലോഡ്ജ്, ലൗഡ്സ്പീക്കർ, ചെസ് എന്നീ സിനിമകളിലൂടെയാണ് കൂടുതൽ പേരും തിരിച്ചറിയപ്പെടുന്നത്. കുസേലനിൽ നയൻതാര ചേച്ചിക്കും രജനി സാറിനുമൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. ഭയങ്കര രസമുള്ള അഭിനയമായിരുന്നു അത്. ഭയങ്കര സ്നേഹമായിരുന്നു എന്നോട് ചേച്ചിക്ക്.
ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലായിരുന്നു ഷൂട്ട്. മഴയൊക്കെയുള്ള സീനായിരുന്നു. നനഞ്ഞ് കഴിഞ്ഞാൽ എന്നെ തോർത്തി തരുന്നതൊക്കെ ചേച്ചിയായിരുന്നു. എപ്പോഴും എടുത്ത് കൊണ്ട് നടക്കുമായിരുന്നു. ആഹാ നീയാണല്ലേ എന്റെ പേര് മോഷ്ടിച്ചത്... എന്നായിരുന്നു ആദ്യം കണ്ട പാടെ ചേച്ചി ചോദിച്ചത്.
എന്റെ പേരിന് പിന്നിൽ അങ്ങനെ കഥകളൊന്നുമില്ല. വീട്ടുകാർ കഷ്ടപ്പെട്ട് കണ്ടുപിടിച്ച പേര് തന്നെയാണ് ഇത്. പലർക്കും സംശയമാണ് ഇതെന്റെ യഥാർഥ പേരാണോ എന്ന്. അതേ ഇതെന്റെ യഥാർഥ പേര് തന്നെയാണ്. സിനിമയ്ക്കായി പേര് മാറ്റിയിട്ടില്ല. ഇനി മാറ്റാനും പോവുന്നില്ല. വിക്കിപീഡിയ ആയാലും എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലായാലും നയൻതാര ചക്രവർത്തി എന്നാണ് പേര്. അതുകൊണ്ട് പ്രശ്നമില്ല. പിന്നെ നയൻതാര ചേച്ചിയെ പോലെ വലിയൊരു അഭിനേത്രിയുടെ പേര് എനിക്കുള്ളത് ഒരു അഭിമാനമാണ്.
ബാലതാരം എന്ന ഇമേജ് മാറി കിട്ടാനും കൂടിയാണ് ഈ ഇടവേള എടുത്തതെന്ന് പറയാം. ആ കുട്ടിത്തമുള്ള മുഖം ഒന്ന് മാറി വരണമല്ലോ. സിനിമയിൽ എനിക്കടുത്ത് ബന്ധമുള്ള സംവിധായകരും മറ്റും പറഞ്ഞത് ഒരു ഇടവേള എടുക്കുന്നത് തന്നെയാണ് നായികയായുള്ള തിരിച്ച് വരവിന് നല്ലത് എന്നാണ്. ഫോട്ടോഷൂട്ടുകളും ഈയിടെയാണ് ചെയ്യാൻ തുടങ്ങിയത്. അതിന്റെയും പ്രധാന കാരണം ഇത് തന്നെയാണ്. ആ ഒരു വ്യത്യാസം രണ്ടാം വരവിൽ സഹായകമാവുമെന്ന് കരുതുന്നു.
ഇപ്പോൾ കേൾക്കുന്ന കഥകളും നായിക കഥാപാത്രമായിട്ടുള്ളത് തന്നെയാണ്. പക്ഷേ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. എന്തായാലും രണ്ടാം വരവ് നായികയായി തന്നെയായിരിക്കും. തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം കഥകൾ കേൾക്കുന്നുണ്ട്- നയൻതാര ചക്രവർത്തി പറയുന്നു.