മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളൊരുക്കിയവരാണ് സിദ്ദിഖ്-ലാൽ കൂട്ടുകെട്ട്. റാംജി റാവ് സ്പീക്കിംഗ് ആയിരുന്നു ഇരുവരും ചേർന്ന് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങിയവയും സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്നു.
എന്നാൽ റാംജി റാവ് സ്പീക്കിംഗിനും ഇൻ ഹരിഹർ നഗറിനുമെല്ലാം സിദ്ദിഖും ലാലും കരുതിവച്ചിരുന്ന പേർ മറ്റൊന്നായിരുന്നു. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ ആദ്യമായി പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിംഗിന് നൊന്പരങ്ങളെ സുല്ല് സുല്ല് എന്നായിരുന്നുവത്രേ ഇവർ ആദ്യം കണ്ടുവച്ച പേര്.
എന്നാൽ ഇരുവരുടെയും ഗുരുവും സംവിധായകനുമായ ഫാസിൽ ആണ് റാംജി റാവ് സ്പീക്കിംഗ് എന്ന പേരാവും കുറച്ചുകൂടി നല്ലത് എന്ന് നിർദേശിച്ചത്. ഇൻ ഹരിഹർ നഗർ എന്ന പേരിട്ടതിനു പിന്നിലും ഫാസിലാണ്. മാരത്തോണ് എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്.
കാബൂളിവാല ഒഴികെയുള്ള സിദ്ദിഖ്-ലാൽ ചിത്രങ്ങളുടെയെല്ലാം പേരുകൾ ഇംഗ്ലീഷിൽ ആയിരുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടു പിരിഞ്ഞ ശേഷം സിദ്ദിഖ് സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളുടെയും പേര് ഇംഗ്ലീഷിൽ തന്നെയായിരുന്നു. ക്രോണിക് ബാച്ചിലർ, ഹിറ്റ്ലർ, ബോഡി ഗാർഡ്, ഫ്രണ്ട്സ്, ലേഡീസ് ആൻഡ് ജെന്റിൽമാൻ, ഭാസ്കർ ദി റാസ്കൽ തുടങ്ങിയവയാണ് സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രങ്ങൾ.
ലാൽ തനിയെ സംവിധാനം ചെയ്ത ചിത്രങ്ങളുടെ പേരും ഇംഗ്ലീഷിൽ തന്നെയായിരുന്നു. 2 ഹരിഗർ നഗർ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, ടൂർണമെന്റ്, കോബ്ര, കിംഗ് ലയർ എന്നിവയാണ് ലാൽ തനിയെ സംവിധാനം ചെയ്ത ചിത്രങ്ങൾ.