കൊച്ചി: ജയസൂര്യ നായകനായ പുതിയ ചിത്രം സൂഫിയും സുജാതയും ഓവർ ദി ടോപ് മീഡിയ സർവീസസ് (ഒടിടി) പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ വ്യാജ പതിപ്പുകൾ സോഷ്യൽ മീഡിയയിൽ.
വ്യഴാഴ്ച അര്‍ധരാത്രിയിൽ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വ്യാജപതിപ്പുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ടെലിഗ്രാമിലും ടൊറന്റ് സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്.
ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ചിത്രമാണ് സൂഫിയും സുജാതയും. 200ല്‍ അധികം രാജ്യങ്ങളിലാണ് രാത്രി 12ന് സിനിമ റിലീസ് ചെയ്തത്. ഫ്രൈഡേ ഫിലിംസിന് വേണ്ടി വിജയ് ബാബു നിര്‍മിച്ച ചിത്രം നരണിപ്പുഴ ഷാനവാസാണ് സംവിധാനം ചെയ്തിരിക്കുന്നത്.
സൂഫിയുടെയും അയാളെ പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടിയുടെയും കഥയാണ് ചിത്രം പറയുന്നത്. ബോളിവുഡ് താരം അതിഥി റാവു ഹൈദരിയാണ് നായികാ കഥാപാത്രമായ സുജാതയായി അഭിനയിക്കുന്നത്.
ഒട്ടേറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ഒടിടി പ്ലാറ്റ്ഫോമിൽ ആദ്യമായി മലയാള സിനിമ റിലീസായത്. കോവിഡിനെ തുടര്‍ന്ന് തീയറ്ററുകള്‍ തുറക്കാന്‍ വൈകുമെന്നായപ്പോള്‍ ഒടിടി റിലീസിന് അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരേ തീയറ്റര്‍ ഉടമകളും വിതരണക്കാരും രംഗത്തെത്തി.
എന്നാല്‍ ഈ തീരുമാനത്തിലേക്ക് എത്തിയതിന്റെ കാരണങ്ങള്‍ നിർമാതാക്കൾ മനസിലാക്കുമെന്നായിരുന്നു നിര്‍മാതാവ് വിജയ് ബാബു മുമ്പ് പ്രതികരിച്ചത്. എന്തായാലും ഒടിടി റിലീസ് ഒട്ടും സുരക്ഷിതമല്ലെന്നാണ് വ്യാജൻ ടെലിഗ്രാമിൽ വന്നതിൽനിന്നു മനസിലാകുന്നത്.
നല്ല ക്വാളിറ്റിയിലുള്ള പതിപ്പാണ് ടെലിഗ്രാമിൽ വന്നിരിക്കുന്നത്. ആമസോണിൽ പ്രദർശിപ്പിച്ചപ്പോൾ കോപ്പി ചെയ്തതാണോ അതോ മറ്റു വഴിയിൽ ലഭിച്ചതാണോ വ്യാജപതിപ്പ് എന്നു വ്യക്തമല്ല.