ഇന്ത്യയിൽ ചൈനീസ് ആപ്പുകൾ നിരോധിച്ചതിനെപ്പറ്റി നടി സാധിക വേണുഗോപാൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ചൈനീസ് സോഷ്യൽമീഡിയ ആപ്ലിക്കേഷനുകളായ ടിക്ടോക്ക്, ഹലോ, ഷെയർഇറ്റ് തുടങ്ങിയവ നിരോധിച്ചതിന് പിന്നാലെയായിരുന്നു സാധികയുടെ കുറിപ്പ്.
സാധികയുടെ കുറിപ്പ് ഇങ്ങനെ; ഒരുപാട് മെസേജുകൾ വന്നു. ടിക്ടോക്, ഷെയറിറ്റ്, ഹലോ ഇതൊന്നും ഇല്ലാതെ ഇനി എങ്ങനെ, എന്ത് ചെയ്യും, എന്നെല്ലാം ചോദിച്ചുകൊണ്ട്. ഞാൻ ആദ്യമായി മൊബൈൽഫോണ്‍ കാണുന്നത് പ്ലസ്ടുവിന് പഠിക്കുന്പോഴാണ്. അത് കാര്യമായി ഉപയോഗിക്കുന്നത് ഡിഗ്രിക്ക് വീട് വിട്ട് കോയന്പത്തൂർ പോയപ്പോഴാണ്. അതായത്, ജീവിതത്തിന്റെ പകുതി വർഷവും ഞാൻ ജീവിച്ചത് ഫോണ്‍ പോലും ഇല്ലാതെയാണ്.
ആ ജീവിതത്തിന്റെ സുഖം അറിയുന്നിടത്തോളംകാലം, ഇന്നലെ ജീവിതത്തിൽ കയറിക്കൂടിയ ഒരു ആപ്ലിക്കേഷനും അതിന്റെ ഉപയോഗവും ഇല്ലായ്മയും ഒന്നും എന്നെ ബാധിക്കില്ല. ആപ്പുകളും ഫോളോവേഴ്സും ലൈക്കുകളും ഒന്നുമല്ല നമ്മുടെ ജീവിതം. ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ട്. അത് കണ്ടെത്തേണ്ടത് നാം സ്വയമാണ്.