കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ മേഖലകളിലൊന്നാണ് ചലച്ചിത്രവ്യവസായം. നിരവധി ചിത്രങ്ങളുടെ റിലീസ് മുടങ്ങിക്കിടന്നു. പല ചിത്രങ്ങളുടേയും ചിത്രീകരണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ചലച്ചിത്രമേഖലയിലെ ഈ പ്രതിസന്ധി മറികടക്കാൻ പലതരത്തിലുള്ള നിർദേശങ്ങളാണ് ഉയർന്നു വരുന്നത്.
കേരളത്തിൽ ചലച്ചിത്രനിർമാതാക്കളിൽ പലരും താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന നിർദേശവുമായി മുന്നോട്ടു വന്നു. തമിഴ് നടൻ വിജയ് ആന്റണി താൻ പ്രതിഫലം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോഴിതാ നടി കീര്‍ത്തി സുരേഷും പ്രതിഫലം കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇപ്പോള്‍ വാങ്ങുന്നതിന്റെ 20 മുതൽ 30 ശതമാനം വരെ കുറഞ്ഞ പ്രതിഫലം ആയിരിക്കും തന്റെ പുതിയ സിനിമകളില്‍ വാങ്ങുകയെന്ന് കീര്‍ത്തി തീരുമാനിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ കീർത്തിയുടെ താരമൂല്യം ഉയർന്നിരുന്നു. കീർത്തിയുടെ ഇപ്പോഴത്തെ പ്രതിഫലം ഒന്നരക്കോടി രൂപയാണ് എന്നാണ് സൂചന. അതേ സമയം കീര്‍ത്തി സുരേഷിന്റെ പുതിയ തമിഴ് ചിത്രമായ പെന്ഗ്വിന് ഒടിടി പ്ലാറ്റ്ഫോം വഴി പ്രദർശനത്തിന് ഒരുങ്ങുകയാണ്.