അഭിനയ മികവ് കൊണ്ട് തെന്നിന്ത്യയും കടന്ന് രാൻജാനാ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും പിന്നീട് കെൻ സ്കോട്ട് സംവിധാനം ചെയ്ത ദ എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് ദ ഫക്കീർ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും സാന്നിധ്യമറിയിച്ച നടനാണ് ധനുഷ്.
2017ൽ പവർ പാണ്ടി എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും കടന്ന ധനുഷ് ഇപ്പോൾ നാഗാർജുനയെയും എസ്.ജെ. സൂര്യയെയും പ്രധാന താരങ്ങളാക്കി നാൻ രുദ്രൻ എന്ന ചിത്രത്തിന്റെ സംവിധാന പണിപ്പുരയിലാണ്.
അതേസമയം തന്റെ ഒരാഗ്രഹം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് ധനുഷ്. തമിഴകത്തിന്റെ സ്റ്റൈല്‍ മന്നനും തന്റെ ഭാര്യാപിതാവുമായ രജനികാന്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യണമെന്നതാണ് ധനുഷിന്റെ ആഗ്രഹം. ഒരു ഓൺലൈൻ പോർട്ടലിനു നൽകിയ അഭിമുഖത്തിലാണ് രജനീകാന്തിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാനുള്ള ആഗ്രഹം ധനുഷ് വെളിപ്പെടുത്തിയത്.
രജനി ചിത്രമായ കാലായുടെ പ്രൊഡ്യൂസർ ധനുഷ് ആയിരുന്നു. കാർത്തിക് സുബ്ബരാജിന്റെ ജഗമേ തന്തിരം ആണ് ധനുഷ് നായകനായി പുറത്തുവരാനുള്ള ചിത്രം.