കൊച്ചി: സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം നിരൂപകൻ എം.ആർ. ചന്ദ്രശേഖരന്. ഓഗസ്റ്റിൽ തൃശൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 50,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യ നിരൂപകനും രാഷ്ട്രീയ ചിന്തകനുമായ എം.ആർ. ചന്ദ്രശേഖരൻ ദീർഘകാലം അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ വടക്കേടത്ത്, ജനറൽ സെക്രട്ടറി ഡോ. ടി.എൻ. വിശ്വംഭരൻ, പി.യു. അമീർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.