കോവിഡ് 19 സമൂഹത്തിലെ സമസ്ത മേഖലകളിലും പിടിമുറുക്കിയിരിക്കുകയാണ്. വ്യക്തിശുചിത്വത്തെ പ്രോത്സാഹിപ്പിക്കാനുള്ള പ്രചരണങ്ങളുമായി സിനിമാ താരങ്ങളും രംഗത്തുണ്ട്. മിക്ക താരങ്ങളും ലോകം മുഴുവന്‍ കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ സ്വയം ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. സൂപ്പർതാരം സൽമാൻ ഖാനാകട്ടെ ഈ സമയം തന്നിലെ ചിത്രകാരനെ തേച്ചുമിനുക്കിയെടുക്കാനുള്ള ശ്രമത്തിലാണ്.
അനായാസമായി താൻ ചിത്രം വരയ്ക്കുന്നതിന്റെ വീഡിയോ സൽമാൻ ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മൂക്കും വായും മറച്ച പുരുഷന്റെയും സ്ത്രീയുടെയും ചിത്രമാണ് സൽമാൻ വരച്ചത്. കോവിഡ് 19നെ നേരിടാൻ മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി സൽമാൻ സൂചിപ്പിക്കുന്നു. മാത്രമല്ല നമ്മൾ വസ്ത്രം ധരിക്കുന്ന രീതിയാണ് നമ്മുടെ സംസ്കാരത്തിന്റെ മഹത്വമെന്നും സൽമാൻ പറയുന്നു.