കൊച്ചി : വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥലംമാറ്റം അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. സ്ഥലംമാറ്റം ഓണ്‍ലൈന്‍ അപേക്ഷകളിലൂടെ സാധ്യമാകുംവിധം നാലു മാസത്തിനകം ഡേറ്റ ശേഖരണമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. തുടര്‍ന്ന് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ച് നടപടിയെടുക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂണിയന് നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.