കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തിൽ മത്സരാർഥികളുടേയും അണിയറപ്രവർത്തകരുടേയും സുരക്ഷ മുൻനിർത്തി ഏഷ്യാനെറ്റിന്റെ ബിഗ്ബോസ് സീസണ് 2 നിർത്തിവെക്കുന്നു. ജനുവരി അഞ്ചിനു ചെന്നൈയിലുള്ള ഫിലിം സിറ്റിയിൽ ആരംഭിച്ച ബിഗ് ബജറ്റ് ഷോ ബിഗ്ബോസ് 75 എപ്പിസോഡിലേക്കെത്തുന്പോഴാണ് ഈ അവസാനിപ്പിക്കേണ്ടി വരുന്നത്, അതും മികച്ച റേറ്റിംഗിലേക്കു ഷോ എത്തിച്ചേരുന്ന ഘട്ടത്തിൽ.
പുറംലോകവുമായി യാതൊരു ബന്ധവും മത്സരാർഥികൾക്കില്ലെങ്കിലും 300 ജീവനക്കാർക്ക് മുൻകരുതൽ അനിവാര്യമാണ്. ഒപ്പം വിമാനയാത്ര പ്രതിസന്ധിയും നിലനിൽക്കുന്നുണ്ട്. അവതാരകനായ മോഹൻലാലിനേയുെം ഇതു ബാധിക്കുമെന്നു അണിയറക്കാർ മുൻകൂട്ടിക്കാണുന്നുണ്ട്.
നിർമാതാക്കളായ എൻഡിമോൾ ഷൈൻ ഫേസ്ബുക്കിൽ ഇപ്പോഴത്തെ അവസ്ഥ പോസ്റ്റ് ചെയ്തുകഴിഞ്ഞു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ അഡ്മിനിസ്ട്രേറ്റീവ് പ്രൊഡക്ഷനും താത്കാലികമായി നിർത്തിവയ്ക്കുകയാണെന്നും സൂചനയുണ്ട്.
കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള സർക്കാരിന്റെ ജാഗ്രത നിർദേശങ്ങൾ പാലിച്ച് ബിഗ്ബോസ് ഷോ നിർത്തിക്കൊണ്ടുള്ള നിർമാതാക്കളുടേയും ഏഷ്യാനെറ്റിന്റെയും തീരുമാനം അഭിനന്ദനം അർഹിക്കുന്നതാണ്.
പ്രേം ടി നാഥ്