+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആസ്വാദ്യകരമാവണം സിനിമ: രഞ്ജൻ പ്രമോദ്

രക്ഷാധികാരി ബൈജുവിനു ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒ. ബേബി ജൂണിൽ തിയറ്ററുകളിലെത്തും. ദിലീഷ് പോത്തന്‍ നായകനായ ചിത്രത്തിൽ ഒരുനിര പുതുമുഖങ്ങളും മറ്റു പ്രധാനവേഷങ്ങളില്‍. ദിലീഷ് പോത്ത
ആസ്വാദ്യകരമാവണം സിനിമ: രഞ്ജൻ പ്രമോദ്

രക്ഷാധികാരി ബൈജുവിനു ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒ. ബേബി ജൂണിൽ തിയറ്ററുകളിലെത്തും. ദിലീഷ് പോത്തന്‍ നായകനായ ചിത്രത്തിൽ ഒരുനിര പുതുമുഖങ്ങളും മറ്റു പ്രധാനവേഷങ്ങളില്‍. ദിലീഷ് പോത്തന്‍റെ കഥാപാത്രമാണ് ഒ.ബേബി. സിനിമായാത്രയിലെ അനുഭവങ്ങളും കാഴ്ചപ്പാടുകളും രഞ്ജന്‍ പ്രമോദ് പങ്കുവയ്ക്കുന്നു.

രക്ഷാധികാരി ബൈജുവില്‍ നിന്ന് തികച്ചും വേറിട്ട ഫ്ളേവറിലാണല്ലോ ഒ. ബേബി...

രക്ഷാധികാരി ബൈജു ഒപ്പ് റിയലിസ്റ്റിക് സിനിമയാണ്. അതിൽ പതിവുരീതിയിലുള്ള ആദിമധ്യാന്തമുള്ള ഒരു കഥ പറയാനല്ല ശ്രമിച്ചത്. വലിയ നാടകീയതകളൊന്നുമില്ല. അതു സമൂഹത്തിനുനേരേ ഒരു കണ്ണാടി പോലെയാവണം, അതില്‍ പ്രേക്ഷകര്‍ക്ക് അവരെത്തന്നെ കാണാന്‍ കഴിയണം എന്നാണ് ആ സിനിമയ്ക്കുപിന്നിൽ ഉണ്ടായ വിചാരം.

ഒ.ബേബി ഡ്രാമ ത്രില്ലര്‍ ജോണറിലുള്ള പടമാണ്. കൂടെ ഒരു പ്രണയകഥയും ഉണ്ട്. ആക്ഷൻ സീനുകളുണ്ട്. നാടകീയതയുണ്ട്. മികച്ച തിയറ്റർ അനുഭവം നല്കുന്ന സിനിമയാണ് എന്നാണ് എന്‍റെ വിശ്വാസം.



ദിലീഷ് പോത്തനിലേക്ക് എത്തിയത്....

പുതിയ പടമൊന്നും കാണുന്നില്ലല്ലോ എന്ന ദിലീഷ് പോത്തന്‍റെ ഫോണ്‍ കോളാണ് ഈ സിനിമയിലേക്ക് എത്തിച്ചത്. ഞങ്ങൾ എറണാകുളത്ത് ഒരു ഫ്ളാറ്റിൽ പത്തു ദിവസത്തോളം പല സിനിമാനുഭവങ്ങളും പങ്കുവച്ചു.

ദിലീഷ് നായകനായി അഭിനയിക്കുന്നതും പടം നിർമിക്കുന്നതിലുള്ള തീരുമാനങ്ങളും അക്കൂട്ടത്തിൽ ഉരുത്തിരിഞ്ഞുവന്നതാണ്. അങ്ങനെ സിനിമയ്ക്കുള്ള ആശയത്തിൽ എത്തിയപ്പോൾ ലൊക്കേഷൻ തേടിയിറങ്ങി. ഇടുക്കിയിൽ അണക്കര എന്ന സ്ഥലത്ത് എത്തി. ലൊക്കേഷൻ കണ്ടതിനുശേഷമാണ് എഴുതിത്തുടങ്ങിയത്. ഫസ്റ്റ് ഡ്രാഫ്റ്റ് ആയപ്പോള്‍ ഷൂട്ടിംഗ് തുടങ്ങി.



ടീസർ കണ്ടപ്പോൾ തോന്നിയത്, ചുറ്റിനും കാട്, പിന്നെ മനുഷ്യന്‍റെ ഉള്ളിലുള്ള കാട്. ഓരോ കഥാപാത്രത്തിന്‍റെ ഉള്ളിലുമുള്ള കാട്ടിലൂടെ കടന്നുചെല്ലുന്നതാണോ ഒ.ബേബിയുടെ കഥാലോകം..?

സിനിമയുടെ ആസ്വാദ്യതയെ ബാധിക്കുമെന്നതിനാല്‍ ഫിലിംമേക്കര്‍ എന്ന നിലയില്‍ കൂടുതല്‍ പറയുന്നില്ല. ഒ.ബേബിയുടെ ഇൻസ്റ്റഗ്രാം പേജിൽ പ്രധാന കഥാപാത്രങ്ങളുടെ ചിത്രങ്ങളുണ്ട്.

മമ്മൂട്ടിയാണ് ടീസർ റീലീസ് ചെയ്തത്. ഒരു പ്രണയഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ യൂ ട്യൂബിലുണ്ട്. രണ്ടു ഗാനങ്ങളുടെ ലിറിക്കൽ വീഡിയോ റിലീസിനുമുന്നേ പുറത്തുവിടും.



ദിലീഷും രഘുനാഥ് പലേരിയുമൊഴികെ മിക്ക ആര്‍ട്ടിസ്റ്റുകളും അത്ര പരിചിതരല്ല. ദുരൂഹതയുണര്‍ത്തുന്ന കഥാപാത്രങ്ങളായി ടീസറിൽ ഫീല്‍ ചെയ്യുന്നുണ്ട്...

കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായവരെ തെരഞ്ഞു നാടകവേദികൾ, സാമൂഹിക കൂട്ടായ്മകള്‍, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്...അങ്ങനെ എല്ലായിടവും നോക്കിയിരുന്നു. അഭിനയത്തിലുള്ള മുൻപരിചയമോ അവരുടെ പ്രശസ്തിയോ നോക്കിയല്ല തെരഞ്ഞെടുത്തത്. ഇതിൽ മിനിയായി വേഷമിട്ടത് ഇൻസ്റ്റഗ്രാമിൽ കവർ സോംഗ്സിലൂടെ സുപരിചിതയായ ഹാനിയ നഫീസയാണ്.

ബേസിലായി അഭിനയിച്ച ദേവദത്ത് കളരിയഭ്യാസിയാണ്. മെറിനായി വരുന്നത് അതുല്യ ശ്രീനി. പാപ്പി വല്യപ്പച്ചനായി നാടകനടൻ ഗോപാലകൃഷ്ണന്‍. ബേബിയുടെ ഭാര്യ സുജയായി ഡോ. ഷിനു ശ്യാമളന്‍. ജോമോനാകുന്നത് എം.ജി. സോമന്‍റെ മകന്‍ സജി സോമന്‍. കുട്ടച്ചനാകുന്നതു തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി. വെള്ളയാൻ എന്ന കഥാപാത്രമായി നളന്‍ എന്ന നായയും.



പിന്നണിയിലും ഏറെയും പുതുമുഖങ്ങളാണല്ലോ...

എഡിറ്റർ സംജിത്ത് മുഹമ്മദ് ഒഴികെ എല്ലാവരും പുതിയവരാണ്. ഛായാഗ്രഹണം അരുണ്‍ ചാലില്‍. മൂന്നു പാട്ടുകൾക്കു സംഗീതമൊരുക്കിയതു വരുൺ കൃഷ്ണയും പ്രണവ്ദാസും.

പശ്ചാത്തലസംഗീതം ലിജിൻ ബാംബിനോ. സൗണ്ട് ഡിസൈനർ ഷമീർ അഹമ്മദ്. കലാസംവിധായകൻ ശങ്കു എൽഎംഎൻ. ഫൈറ്റ് മാസ്റ്റർ ഉണ്ണി പെരുമാൾ.

ഇപ്പോൾ വലിയ സ്കെയിലിലുള്ള സിനിമകള്‍ക്കു മാത്രമേ തിയറ്ററില്‍ സ്വീകാര്യതയുള്ളൂ. അത് ഫിലിം മേക്കിംഗിൽ പുതിയ വെല്ലുവിളി ആകുന്നുണ്ടോ..?

അങ്ങനെയൊന്നും ഉണ്ടെന്നു തോന്നുന്നില്ല. ജയ ജയ ജയ ഹേ, രോമാഞ്ചം, ന്നാ താൻ കേസ് കൊട്... അങ്ങനെ കുറേ പടം നന്നായി ഓടിയില്ലേ. സിനിമ നന്നായാൽ തിയറ്ററിൽ ഓടും. വളരെ നല്ല ഫിലിം ആണെങ്കിൽ തലമുറകൾ അതു കാണും. വലിയ സ്കെയിലിലുള്ള പടമാവട്ടെ, ചെറിയ പടമാവട്ടെ, ഏതു പടവും തിയറ്ററിലിരുന്നു കാണുന്ന ഇഫക്ടല്ല ഓടിടിയിൽ.

സിനിമ ഉണ്ടാക്കുന്പോൾ ഇതു തിയറ്ററിലേക്കു വേണ്ടിയാണ്, അല്ലെങ്കിൽ ഓടിടിയിലേക്കു വേണ്ടി മാത്രമാണ് എന്നുകരുതി ചെയ്യാനാവില്ല. മൊബൈൽ ഫോൺ അടക്കം എല്ലാ ഫോർമാറ്റിലേക്കും അതു പോകും. അവിടെയെല്ലാം അതു നന്നായിരിക്കുകയും വേണം.



പല അഭിനേതാക്കളും പൊളിറ്റിക്കൽ കറക്റ്റ്നെസ് നോക്കിയാണ് സിനിമ ചെയ്യുന്നത്. ഫിലിം മേക്കിംഗിൽ പൊളിറ്റിക്കല്‍ കറക്ട്നെസിനാണോ വിനോദത്തിനാണോ പ്രാധാന്യം..?

ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടത്തിനും അഭിപ്രായങ്ങള്‍ക്കും അനുസരിച്ചുള്ള സിനിമ ചെയ്യാമല്ലോ. നമ്മുടെ ആശയവും അതിലെ കലയും രാഷ്‌‌ട്രീയവും കൂടുതല്‍ സ്വീകാര്യമായാല്‍ അത് വിജയിക്കും, ഇല്ലെങ്കില്‍ തോല്‍ക്കും.

കലാകാരന്മാര്‍ ചിലര്‍ സ്വകാര്യ നിലപാടുകള്‍ ഉള്ളവരും മറ്റു ചിലര്‍ പ്രഖ്യാപിതമായ രാഷ്‌ട്രീയ പക്ഷപാതമുള്ളവരുമാണ്. സിനിമയുടെ ആകെത്തുകയായുള്ള ആശയം അവരുടെ ആദര്‍ശങ്ങള്‍ക്കു വിരുദ്ധമാണെങ്കില്‍ അതില്‍ അഭിനയിക്കില്ല എന്നു പറയുന്നവരും ഉണ്ട്.



എല്ലാ കാര്യത്തിലും അങ്ങനെ രാഷ്‌ട്രീയവിചാരം നടത്താത്തവരാണ് ഏറിയ പങ്കും. എന്ത് ആശയം പറഞ്ഞാലും ചിലര്‍ അതിന് എതിരായിരിക്കും. മറ്റു ചിലര്‍ അനുകൂലമായിരിക്കും. എല്ലാവര്‍ക്കും ഒരു കഥയെക്കുറിച്ച് ഒരേ അഭിപ്രായം ഉണ്ടാവണം എന്ന് നമുക്ക് വാശിപിടിക്കാന്‍ പറ്റില്ലല്ലോ.

എനിക്കു പരമപ്രധാനമായ കാര്യം അത് കൂടുതല്‍ പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമാക്കുക എന്നതാണ്. അങ്ങനെ ആയില്ലെങ്കില്‍ പറയുന്ന വിഷയത്തിനും രാഷ്‌ട്രീയത്തിനും ഒന്നും കാര്യമില്ല. സിനിമ നമ്മെ സ്പര്‍ശിക്കുന്നത് കൂടുതലും വൈകാരികമായാണ്, ബുദ്ധിപരമായല്ല എന്നാണു ഞാന്‍ കരുതുന്നത്. എല്ലാവര്‍ക്കും ഒരേപോലെ ആസ്വാദ്യകരമായിരിക്കണം എന്ന് ആഗ്രഹിച്ചാണ് ഞാന്‍ എഴുതുന്നത്.



മറ്റു സംവിധായകര്‍ക്കു വേണ്ടി ഇനി എഴുതില്ലേ..‍?

സിനിമയാണ് എന്‍റെ ഇഷ്ടം. അതിൽ ഞാൻ എഴുത്തുകാരനും സംവിധായകനും നിർമാതാവുമെല്ലാമാണ്. നല്ല സിനിമകളുടെ ഭാഗമായിരിക്കുക എന്നതാണു പ്രധാനം. എനിക്കു താത്പര്യമുള്ള കാര്യങ്ങളുമായി ആരു വന്നാലും അത് എഴുതാനോ സംവിധാനം ചെയ്യാനോ നിർമിക്കാനോ.. എന്തുതന്നെയായാലും തയാറായേക്കും.

അടുത്ത സിനിമ ഏതു ജോണറിലാവും ചെയ്യുക..‍?

ഇപ്പോള്‍ ചെയ്ത സിനിമയുടെ മൂഡില്‍ നിന്നു മാറി വേറെ ഒരു മൂഡിലുള്ളത് ചെയ്യാനാണ് എനിക്ക് ഇപ്പോഴും താത്പര്യം. എല്ലായ്പോഴും ഒരു സിനിമ കഴിഞ്ഞിട്ടേ അടുത്ത സിനിമയെക്കുറിച്ചു ചിന്തിക്കാറുള്ളൂ.



മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ഉടനെ തന്നെ ഉണ്ടാവും എന്നു കേൾക്കുന്നുണ്ടല്ലോ...

മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയാണ് അതു നിര്‍മിക്കുന്നത്. കൂടുതലായി ഒന്നും ഇപ്പോൾ പറയാറായിട്ടില്ല.

ടി.ജി.ബൈജുനാഥ്