+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുമാരിയുടെ ലോകം

കുമാരിയുടെ ലോകത്തേക്ക് നിര്‍മല്‍ സഹദേവ് എത്തിപ്പെടാന്‍ നിമിത്തമായത് സുപ്രിയ മേനോന്‍റെ ഒരു ഫോണ്‍കോളാണ്. നെറ്റ്ഫ്ളിക്സിന്‍റെ മിത്ത് സീരിസിലേക്ക് ഒരു കഥ വേണം. അതായിരുന്നു ആ വിളിയുടെ കാതൽ. കഥ തേടിയുള്
കുമാരിയുടെ ലോകം

കുമാരിയുടെ ലോകത്തേക്ക് നിര്‍മല്‍ സഹദേവ് എത്തിപ്പെടാന്‍ നിമിത്തമായത് സുപ്രിയ മേനോന്‍റെ ഒരു ഫോണ്‍കോളാണ്. നെറ്റ്ഫ്ളിക്സിന്‍റെ മിത്ത് സീരിസിലേക്ക് ഒരു കഥ വേണം. അതായിരുന്നു ആ വിളിയുടെ കാതൽ.

കഥ തേടിയുള്ള യാത്രയില്‍ വടക്കന്‍ ഐതിഹ്യമാലയിലെ ഒരു കഥയടരില്‍ നിര്‍മലിന്‍റെ മനസുടക്കി. ഇല്ലിമലയുടെ താഴ്വരയിലെ കാഞ്ഞിരങ്ങാടും അവിടെ എത്തിപ്പെടുന്ന മന്ദാരപ്പൂവിന്‍റെ മനസുള്ള കുമാരിയെന്ന പതിനേഴുകാരിയും! ദേവന്മാരും അസുരന്മാരും ശാപങ്ങളും മന്ത്രങ്ങളുമൊക്കെയുള്ള ഒരു ഫാന്‍റസി ലോകമായി വൈകാതെ അതു പടര്‍ന്നു.

‘കഥ കേട്ടപ്പോള്‍ ഇത് അടുത്ത പടമായി ചെയ്യണമെന്ന് പൃഥ്വിരാജ് പറഞ്ഞു. രണത്തില്‍ നിന്നു 180 ഡിഗ്രി വ്യത്യസ്തതയുള്ള പടം. ടീസര്‍ വന്നതോടെ രണം ചെയ്തയാളാണോ കുമാരി ചെയ്തത് എന്ന രീതിയില്‍ പ്രേക്ഷകർ സംസാരിച്ചുതുടങ്ങി. പൃഥ്വി അതു മുന്‍കൂട്ടി കണ്ടു.' - നിര്‍മല്‍ പറയുന്നു.



കാഞ്ഞിരങ്ങാട്

ഭൂപടങ്ങള്‍ക്ക് അറിയാത്ത ഒരു ലോകം - കാഞ്ഞിരങ്ങാട് എന്ന സാങ്കല്പികഗ്രാമം. അവിടെയാണ് ഈ കഥ സംഭവിക്കുന്നത്. പ്രാണന്‍ കൊടുത്തും അധികാരവും ആചാരവും നിലനിര്‍ത്തണമെന്ന് ചൊല്ലിപ്പഠിച്ച ഒരു കൂട്ടം മനുഷ്യർ. അവരുടെ ലോകം, അവിടെ അവരുടെ ആചാരങ്ങൾ. അവർക്കിടയിലേക്ക് എത്തിപ്പെടുകയാണ് കുമാരി.

അവളറിയാതെ ഇല്ലിമലക്കാടും പുഴയും കാഞ്ഞിരങ്ങാട്ടെ മണ്ണും അവളുടെ വരവിനായി നൂറ്റാണ്ടുകളായി കാത്തിരിക്കുകയായിരുന്നു! അവിടത്തുകാരുടെ രീതികളൊന്നും അവള്‍ക്കു മനസിലാകുന്നില്ല. അടുത്തത് എന്തെന്നറിയാതെ അവിടെ പെട്ടുപോകുന്ന അവസ്ഥ. ആ വീട്ടില്‍ വന്നുപെട്ടാല്‍ പിന്നെ പുറംലോകം കാണുന്ന പതിവില്ല. തുടര്‍ന്ന് കുമാരിക്കു സംഭവിക്കുന്നതെന്താണ്. അതു സിനിമ കണ്ടുതന്നെ അറിയണം.



അഞ്ച് പെണ്ണുങ്ങള്‍ !

കെട്ടുകഥകൾക്കപ്പുറം എല്ലാവര്‍ക്കുമുണ്ടാകുമല്ലോ അവരുടേതായ രഹസ്യങ്ങൾ. അതാണ് സിനിമയുടെ മൊത്തത്തിലുള്ള കാതൽ. ഫാന്‍റസി ത്രില്ലറാണു കുമാരി. ഇതില്‍ റിയാലിറ്റിയൊന്നുമില്ല. രണ്ടു കാലഘട്ടങ്ങളുണ്ട്. അതിലൊന്ന് കുറേ നൂറ്റാണ്ടുകള്‍ക്കു മുമ്പാണ്. മറ്റേത് 15, 16 നൂറ്റാണ്ടുകളിലും.

അഞ്ച് കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. ഐശ്വര്യയുടെ കഥാപാത്രം തന്നെയാണ് പ്രധാനം. സുരഭിലക്ഷ്മിയും നിര്‍ണായക വേഷത്തിലെത്തുന്നു. സ്വാസിക, ശ്രുതിമേനോൻ, തന്‍വിറാം എന്നിവരും പ്രധാന വേഷങ്ങളിൽ.



ഐശ്വര്യലക്ഷ്മി

കുമാരിയായി ഐശ്വര്യലക്ഷ്മി തന്നെയായിരുന്നു ആദ്യ ചോയ്സ്. ഗ്രാമത്തിന്‍റെ നൈര്‍മല്യമുള്ള, ഓരോ നിമിഷത്തെയും കൗതുകത്തോടെ കാണുന്ന പെണ്‍കുട്ടിയെന്ന ഇമേജില്‍ നിന്നു രണ്ടാംപകുതിയിലെ ബ്രേക്കിംഗ് പോയന്‍റില്‍ കുമാരി ബോള്‍ഡും സ്ട്രോംഗും ആകുന്നുണ്ട്.

കഥാപാത്രത്തിന്‍റെ സ്വഭാവവ്യതിയാനം അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ വൈഭവമുള്ള ഒരഭിനേത്രിയെ ആവശ്യമായിരുന്നു. ഐശ്വര്യ ചെയ്തതില്‍ ഏറെയും മെട്രോപൊളിറ്റന്‍ വേഷങ്ങളാണല്ലോ. പൂർണമായും ഗ്രാമീണപശ്ചാത്തലത്തിലുള്ള ആദ്യ വേഷമാണിത്. ഏറെ പ്രഫഷണലാണ് ഐശ്വര്യ. അനായാസം കുമാരിയായി.

മലയാളി, തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച അംഗീകാരമുള്ള അഭിനേത്രിയുമാണ്. ഐശ്വര്യ മുമ്പു ചെയ്തുവച്ച സിനിമകളൊക്കെ തുടരെത്തുടരെ റിലീസാകുന്നത് കുമാരിക്കും സഹായകമാകുന്നു. ആദ്യം പൊന്നിയന്‍ സെല്‍വന്‍ വന്നു. ഇപ്പോള്‍ അമ്മുവും.



ധ്രുവനായി ഷൈൻ

മെയില്‍ ലീഡ് ധ്രുവനായി ആദ്യ ചോയ്സ് റോഷനായിരുന്നു. ഇതിന്‍റെ സെറ്റ് വര്‍ക്ക് വൈകിയതോടെ തെക്കന്‍ തല്ലുകേസിന്‍റെ ഡേറ്റുമായി ക്ലാഷായി.

അതോടെ ഷൂട്ടിനു പത്തു ദിവസം മുമ്പ് റോഷനു പിന്മാറേണ്ടി വന്നു. അങ്ങനെ മറ്റൊരു വേഷത്തിലേക്ക് ഉറപ്പിച്ചിരുന്ന ഷൈന്‍ ടോം ചാക്കോയിലേക്ക് ധ്രുവന്‍ എത്തി.



ആര്‍ക്കും വേണ്ടാത്ത ഒരു ഇളയതമ്പുരാന്‍ എന്ന രീതിയിലാണ് ആ കഥാപാത്രം. രണ്ട് ഷേഡുകളുണ്ട്. ഇതിലെ എല്ലാ കഥാപാത്രങ്ങളും അത്തരം സ്വഭാവ രൂപാന്തരത്തിലൂടെ കടന്നുപോകുന്നവരാണ്.

ശിവജിത് പദ്മനാഭന്‍ പഴയകാലഘട്ടത്തിലെ പ്രധാന വേഷത്തില്‍ വരുന്നു. ഈ തലമുറയിലെ പ്രധാന കാരണവരായി സ്ഫടികം ജോര്‍ജും.



സഹനിര്‍മാണം ഐശ്വര്യ

കുമാരിയുടെ സഹനിര്‍മാതാവു കൂടിയാണ് ഐശ്വര്യ. കഥാപാത്രമാകുന്നതിനൊപ്പം പ്രൊഡക്‌ഷന്‍ സൈഡിലും ഐശ്വര്യയുടെ ഇന്‍പുട്സ് കിട്ടി. സീനില്ലെങ്കിലും ആറു മണിക്കുതന്നെ സെറ്റിലെത്തിയിരുന്നു.

അടുത്ത ദിവസത്തെ ഷൂട്ടിന്‍റെ മുന്നൊരുക്കങ്ങളെക്കുറിച്ച് അസിസ്റ്റന്‍റ് ഡയറക്ടേഴ്സുമായി സംസാരിച്ചു. സിനിമ പഠിക്കണമെന്ന വലിയ ആഗ്രഹത്തോടെ പ്രൊഡക്‌ഷന്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്ന ഐശ്വര്യയെയാണ് സെറ്റില്‍ കാണാനായത്.



വെല്ലുവിളി

കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, കണ്ണൂർ, തലശേരി, കൊല്ലങ്കോട്, പിറവം, ശാന്തന്‍പാറ, ഇരിട്ടി, പൊന്മുടി, പുത്തന്‍കുരിശ്, അംബാസമുദ്രം എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. എഴുത്തുമുതല്‍ ഷൂട്ടിംഗ് വരെ എല്ലാ ഘട്ടങ്ങളും വെല്ലുവിളിയായിരുന്നു.

പറയുന്നതു ഫാന്‍റസിയാണെങ്കിലും അതിനെ വാണിജ്യസിനിമയുടെ ഫ്ളേവറില്‍ എത്തിക്കുക എന്നതായിരുന്നു ആദ്യ ചലഞ്ച്.



ഞാനും ഫസല്‍ ഹമീദും ചേര്‍ന്നാണ് സ്ക്രിപ്റ്റൊരുക്കിയത്. മ്യൂസിക്, വിഎഫ്എക്സ്, എഡിറ്റിംഗ്, കാമറ... എല്ലാവരുടെയും നിർദേശങ്ങൾ സ്ക്രിപ്റ്റിനു കരുത്തായി. സ്ക്രിപ്റ്റില്‍ എഴുതിയതു കുറേക്കൂടി വിപുലമാക്കാന്‍ പ്രൊഡക്‌ഷന്‍ ഡിസൈന്‍ ചെയ്ത ഗോകുല്‍ദാസിന്‍റെ ഇന്‍പുട്സ് സഹായകമായി.

കെട്ടുകഥകളുടെയും പിശാചുക്കളുടെയും മാജിക്കല്‍ ലോകം തുറക്കുകയാണ് കുമാരി. അതിനു ചേര്‍ന്ന മ്യൂസിക് ഒരുക്കിയത് മണികണ്ഠന്‍ അയ്യപ്പയും ജേക്സുമാണ്.



പാൻ ഇന്ത്യൻ ലെവൽ

ജേക്സ് ബിജോയ്, എഡിറ്റര്‍ - കളറിസ്റ്റ് ശ്രീജിത്ത് സാംരംഗ്, നടന്‍ ജിജു ജോണ്‍, പിന്നെ ഞാനും ചേര്‍ന്ന ഫ്രഷ് ലൈം സോഡയാണ് പടം നിര്‍മിച്ചത്.

ഒടിടിയില്‍ നെറ്റ്ഫ്ളിക്സിനൊപ്പമാണു കുമാരി. പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സും സുപ്രിയയുമാണ് പടം അവതരിപ്പിക്കുന്നത്. പടത്തിനു സപ്പോര്‍ട്ടായി ടീസറില്‍ പൃഥ്വി വേഷമിടുകയും ചെയ്തു. വിതരണം മാജിക് ഫ്രെയിംസ്.



ഉള്ളടക്കവും ദൃശ്യമികവും ശബ്ദവിന്യാസവുമെല്ലാം പാന്‍ഇന്ത്യന്‍ ലെവലിലാണ്. ഗ്രാമീണത, ഐതിഹ്യം, മിത്ത്, ഫാന്‍റസി, ദൃശ്യ മികവ്...വിദേശ മാര്‍ക്കറ്റിനു വേണ്ട ചേരുവകള്‍ കൂടി ഇതിലുണ്ട് - നിര്‍മല്‍ പറയുന്നു.

ടി.ജി.ബൈജുനാഥ്