ഒന്പത് കഥകൾ... ഒന്പത് വികാരങ്ങൾ... മനസിനുണ്ടാകുന്ന ഭാവ പരിണാമങ്ങളുടെ നവരസക്കാഴ്ചയൊരുക്കാൻ ഒരുങ്ങുകയാണ് തമിഴ് ആന്താളജി ചിത്രം നവരസ. സംവിധായകൻ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിർമാണത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രം വന്പൻ താര നിരകൊണ്ടും സൗത്തിന്ത്യൻ സിനിമാ രംഗത്തെ പ്രതിഭകളുടെ സാന്നിധ്യംകൊണ്ടും സന്പന്നമാണ്. സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി തുടങ്ങിയവർ ഒന്നിക്കുന്ന നവരസ ആഗസ്റ്റ് ആറിന് നെറ്റ്ഫ്ലിക്സിലൂടെ റിലീസാകുന്നു.
ഒന്പതു സംവിധായകർ
ഒന്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒന്പതു കഥകൾ ഒന്പതു പേർ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദർശൻ, ഗൗതം മേനോൻ, അരവിന്ദ് സ്വാമി, ബിജോയ് നന്പ്യാർ, സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത്, കാർത്തിക് നരേൻ എന്നിവരാണ് ഒന്പതു ചിത്രങ്ങൾ ഒരുക്കുന്നത്. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ് ഓരോ ചിത്രങ്ങളും ചിട്ടപ്പെടുത്തുന്നത്.
മണിരത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചാപകേശന്റെ ക്യൂബ് സിനിമ ടക്നോളജീസിന്റെയും ബാനറിൽ നിർമിക്കുന്ന തമിഴ് ആന്തോളജിയുടെ നിർമാണത്തിൽ ജസ്റ്റ് ടിക്കറ്റിന്റെ ബാനറിൽ എ.പി. ഇന്റർനാഷണലും വൈഡ് ആംഗിൾ ക്രിയേഷൻസും പങ്കാളികൾ ആണ്.
മലയാളി സാന്നിധ്യം
ഒന്പതു കഥകളിലും തമിഴ് സിനിമയിലെ മുൻനിര താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, സിദ്ധാർഥ്, പ്രകാശ് രാജ്, അഥർവ, ഗൗതം വാസുദേവ് മേനോൻ, പ്രസന്ന, ബോബി സിംഹ, അശോക് സെൽവൻ, യോഗി ബാബു തുടങ്ങിയവർക്കൊപ്പം അതിഥി ബാലൻ, അഞ്ജലി, ഋത്വിക, അമ്മു അഭിരാമി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു. മലയാളത്തിൽനിന്നും വലിയ നിര നവരസയുടെ ഭാഗമാകുന്നുണ്ട്. പ്രയാഗ മാർട്ടിൻ, പാർവതി തിരുവോത്ത്, രേവതി, നെടുമുടി വേണു, ഷംന കാസീം, മണിക്കുട്ടൻ, രോഹിണി, രമ്യ നന്പീശൻ എന്നിവർ നിർണായക കഥാപാത്രങ്ങളായി എത്തുന്നു. പ്രിയദർശന്റെ ചിത്രത്തിലാണ് മണിക്കുട്ടൻ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിനിമാ പ്രവർത്തകർക്കായി
കൊവിഡിൽ സാന്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തമിഴ് സിനിമാ സാങ്കേതിക പ്രവർത്തകരെ സഹായിക്കുന്നത് ലക്ഷ്യമാക്കിയാണ് നവരസ ഒരുക്കിയിരിക്കുന്നതെന്നു മണി രത്നവും ജയേന്ദ്ര പഞ്ചാപകേശനും പറയുന്നു. ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവർത്തകരുടെ സംഘടന ഫെപ്സി മുഖേന കൊവിഡ് പ്രതിസന്ധിയിൽപെട്ട സിനിമാതൊഴിലാളികൾക്ക് നൽകും. തമിഴ് ചലച്ചിത്ര മേഖലയെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള ശക്തമായ പ്രേരണയിൽ ഒരുക്കുന്നതിനാൽ നവരസയിലെ താരങ്ങളും അണിയറപ്രവർത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് ചിത്രത്തിൽ പ്രവർത്തിച്ചത്.
ഹിറ്റു കൂട്ടുകെട്ടുകൾ
കാക്ക കാക്ക, വാരണം ആയിരം എന്നീ ചിത്രങ്ങൾക്കു ശേഷം ചെറിയ ഇടവേള കഴിഞ്ഞ് സംവിധായകൻ ഗൗതം മേനോനും സൂര്യയും വീണ്ടും ഒന്നിക്കുകയാണ് നവരസയിലെ ഗിത്താർ കന്പി മേലെ നിന്ദ്രുയിലൂടെ. ചിത്രത്തിൽ പാട്ടുകാരൻ കമാലായി സൂര്യയും പ്രണയിനി നേത്രയായി പ്രയാഗ മാർട്ടിനും എത്തുന്നു. ചിത്രത്തിലെ ഗായകൻ കാർത്തിക് സംഗീതം പകർന്ന് ആലപിച്ചിരിക്കുന്ന നാനും... എന്ന ഗാനം ഇതിനോടകം ഹിറ്റചാർട്ടിലിടം നേടിക്കഴിഞ്ഞു. നടൻ അരവിന്ദ് സ്വാമി സംവിധായകനാകുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.
രൗതിരം എന്ന ചിത്രമാണ് അരവിന്ദ് സ്വാമി സംവിധാനം ചെയ്യുന്നത്. ഒപ്പം കാർത്തിക് നരേന്റെ പ്രോജക്ട് അഗ്നിയിൽ നായകനുമാണ്. എ.ആർ. റഹ്മാൻ, ജിബ്രാൻ, ഇമൻ, അരുൾ ദേവ്, കാർത്തിക്, ഗോവിന്ദ് വസന്ത, രോണ്തൻ യോഹൻ, ജസ്റ്റിൻ പ്രഭാകരൻ എന്നിവരാണ് ചിത്രങ്ങൾക്കു സംഗീതം ഒരുക്കിയിരിക്കുന്നത്. പി.സി. ശ്രീറാം, സന്തോഷ് ശിവൻ, അഭിനന്ദ് രാമാനുജം, സുദർശൻ ശ്രീനിവാസൻ, സത്യൻ സൂര്യൻ തുടങ്ങിയവരാണ് ഛായാഗ്രാഹകന്മാർ.