ചെറിയ ആഘോഷങ്ങളെ ജീവിതത്തിന്റെ ആനന്ദമാക്കിമാറ്റുകയാണ് പ്രിയനായിക നയൻതാര. മലയാളത്തിലേക്കു തിരികെ എത്തുന്നതിനൊപ്പം ഇത്തവണത്തെ പിറന്നാൾ കേരളത്തിൽ കുടുംബത്തിനൊപ്പമാണ് ആഘോഷിച്ചത്. മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം നയൻതാര ഇടവേളകളിൽ ഇവിടേക്കെത്തുന്നത് ഇരട്ടി സന്തോഷമാണ്. പോയവർഷം ഓണക്കാലത്ത് എത്തിയ ലൗവ് ആക്ഷൻ ഡ്രാമയിലെ ശോഭയിലൂടെയാണ് നയൻതാരയെ പ്രേക്ഷകർ കണ്ടത്. ഒരു വർഷത്തിനു ശേഷം നിഴൽ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിക്കാനൊരുങ്ങുകയാണ് മലയാളികളുടെ സ്വന്തം നയൻസ്. നിഴലിന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയപ്പോഴായിരുന്നു താരത്തിന്റെ 36-ാം പിറന്നാൾ. കഴിഞ്ഞ 18ന് കുടുംബത്തിനൊപ്പം അതു ഹൃദ്യമായ ആഘോഷമാക്കി മാറ്റി.
നയൻതാര മലയാളത്തിലേക്ക് തിരികെ എത്തുകയല്ല മറിച്ച്, നയൻസ് എന്നും മലയാളത്തിനൊപ്പമുണ്ടായിരുന്നു. മലയാളത്തിൽ തുടക്കം കുറിച്ച് വിവിധ ഭാഷകളിൽ വലിയ ഹിറ്റുകൾ നേടിയാണ് ഇന്നു ഇന്ത്യൻ സിനിമ ലോകം നൽകുന്ന പേരിലും പെരുമയിലേക്കും നയൻസ് എത്തിയത്. തമിഴിലേക്കു പൂർണമായി ചേക്കേറിയെങ്കിലും മലയാള സിനിമയ്ക്കു വേണ്ടി സമയം മാറ്റിവയ്ക്കാൻ ഈ നായിക എന്നും തയാറായിരുന്നു. ചെറിയ ഇടവേളകൾ സൃഷ്ടിച്ച് നല്ല ചിത്രങ്ങളുടെ ഭാഗമായി ഈ ലേഡി സൂപ്പർസ്റ്റാർ മലയാളത്തിലേക്ക് എത്തി. അവ ഓരോന്നും വലിയ വിജയവും നേടി.
മലയാളത്തിനോട് ഇഷ്ടം
തമിഴിലും തെലുങ്കിലും സൂപ്പർസ്റ്റാറുകളുടെ നായികയായി തിളങ്ങുന്പോഴാണ് വർഷത്തിൽ ഒരു ചിത്രം എന്ന നിലയിൽ മലയാളത്തിനു വേണ്ടി സമയം മാറ്റിവയ്ക്കാൻ നയൻതാര തയാറാകുന്നത്. 2003-ൽ മലയാള ചിത്രം മനസിനക്കരയിലൂടെ സിനിമയിൽ തുടക്കം കുറിച്ച നയർതാര പിന്നീട് വളരെ പെട്ടന്നാണ് തെന്നിന്ത്യൻ നായികയായി വളർന്നത്. പിന്നീട് രാപ്പകൽ, ബോഡിഗാർഡ്, ഇലക്ട്ര, ഭാസ്കർ ദി റാസ്കൽ, ലൗവ് ആക്ഷൻ ഡ്രാമയിൽവരെ മലയാളത്തിൽ സാന്നിധ്യം അറിയിച്ചു. എങ്കിലും തമിഴകത്തെ അതിശയിപ്പിച്ച നയൻതാര എന്ന അഭിനേത്രിയുടെ റേഞ്ച് മലയാളി പ്രേക്ഷകർക്കു പകർന്ന ചിത്രമായിരുന്നു എ.കെ. സാജൻ സംവിധാനം ചെയ്ത പുതിയ നിയമം. കഥകളി ആർട്ടിസ്റ്റായ വാസുകിയുടെ നിസഹായതയും പ്രതികാരവുമൊക്കെ തന്മയത്വത്തോടെ താരം അവതരിപ്പിച്ചു. കഴിഞ്ഞ 10 വർത്തെ മലയാള സിനിമയിലെ മികച്ച സ്ത്രീ കഥാപാത്രങ്ങളിൽ തന്നെ വാസുകി മുന്നിലിടം നേടുന്നുണ്ട്.
തമിഴകത്തിന്റെ തലൈവി
2018-ൽ തമിഴ് ജനത നയൻതാരയ്ക്കു നൽകിയ വിശേഷണമാണ് തലൈവി എന്നത്. ഒരുകാലത്ത് സൂപ്പർതാരങ്ങളുടെ നിഴൽ നായികയായും ഗ്ലാമർ വേഷങ്ങളിലും മാത്രം തളച്ചിട്ടിടത്തുനിന്നും നയൻതാരയുടെ ഉയിർത്തെഴുന്നേൽപ്പായിരുന്നു 2015-ലെത്തിയ മായ എന്ന ഹൊറർ ചിത്രം. പിന്നീട് അരം, കൊലമാവ് കോകില, ഇമൈക്ക നോടികൾ എന്നീ ചിത്രങ്ങളൊക്കെ ഒരു നായകന്റേയും മേൽവിലാസമില്ലാതെ നയൻതാര നേടിയ വലിയ വിജയങ്ങളായിരുന്നു. ഇതിനൊപ്പം തന്നെ സ്ത്രീപക്ഷ സിനിമകളുടെ മാത്രം ഭാഗമാകാതെ സൂപ്പർതാര ചിത്രങ്ങളിൽ കരുത്തുറ്റ നായികയായി നയൻതാര നിലകൊണ്ടു. അതു തന്നെയാണ് താരമൂല്യം ഉയർത്താനും ലേഡി സൂപ്പർസ്റ്റാർ പദവി നേടാനും നയൻസിനെ തുണച്ചത്. ഇന്നു സൂപ്പർ സ്റ്റാർ നായകനോളം സാറ്റലൈറ്റ് റൈറ്റ്സ് പോലും നയൻതാരയ്ക്കു തമിഴകത്തുണ്ട്.
ആശംസയുമായി നിഴൽ ടീം
നിഴൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നയൻതാരയുടെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയാണ് ആശംസകൾ നേർന്നത്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകനാകുന്നത്. എഡിറ്ററായി ശ്രദ്ധേയനായ അപ്പു ഭട്ടതിരിപ്പാട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. കൊച്ചിയിലാണ് നിഴലിന്റെ ചിത്രീകരണം നടക്കുന്നത്. കോവിഡിനു ശേഷം ചലിച്ചു തുടങ്ങിയ മലയാള സിനിമാ മേഖലയ്ക്കു പിന്തുണയുമായി നയൻസും ഒപ്പം ചേരുകയാണ് നിഴലിലൂടെ.