കൊച്ചി: ശബരിമലയിലെ കലാമണ്ഡപത്തിൽ അയ്യപ്പ സോപാന സംഗീതം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിനെതിരേ തിരുവല്ല സ്വദേശി എം.ജെ. ശിവകുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും വിശദീകരണം തേടി. കഴിഞ്ഞ മൂന്നുവർഷമായി മണ്ഡലകാലത്ത് ശബരിമല വലിയ നടപ്പന്തലിനു മുന്നിലെ കലാമണ്ഡപത്തിൽ അയ്യപ്പ സോപാന സംഗീതം വഴിപാടായി അവതരിപ്പിക്കുന്നുണ്ട്. ഇക്കൊല്ലം സുരക്ഷാ പ്രശ്നങ്ങളും പോലീസ് നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചെന്നാണ് ഹർജിക്കാരന്റെ പരാതി.