കുഴൽമന്ദം: കുത്തന്നൂർ കളപ്പാറ സ്വദേശിയും ദുബായിൽ വർക്ക്ഷോപ്പ് ഉടമയുമായ ശശി (40)യെ കളപ്പാറയിലുള്ള കല്യാണമണ്ഡപത്തിൽനിന്നു വിളിച്ചിറക്കി ഇരുമ്പുവടികൊണ്ട് കാൽതല്ലിയൊടിച്ച സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട നാലുപേരെ കുഴൽമന്ദം പോലീസ് അറസ്റ്റുചെയ്തു. കൊല്ലം നിലമേൽ സ്വദേശിയും കോഴിക്കോട് നല്ലളം അരീക്കാടിൽ താമസിക്കുന്ന നിസാമുദീൻ (ചിണ്ടു-39), കോഴിക്കോട് വെള്ളയിൽ നൗഫൽ (ദാദാ നൗഫൽ-39), നല്ലളം മങ്കുണിപ്പാടം ചെറുവീട്ടിൽ ഹരീഷ് (31), വെള്ളയിൽ സ്വദേശി റഹീസ് (36) എന്നിവരാണ് അറസ്റ്റിലായത്. ഈമാസം നാലിനു രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവദിവസത്തിനു തലേന്നുതന്നെ ക്വട്ടേഷൻ സംഘം പാലക്കാട് ടൗണിലുള്ള സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തി.