ചിലരുടെ അതിരുവിട്ട ആരാധനയെപ്പറ്റി നടി നമിത പ്രമോദ് മനസു തുറന്നത് അടുത്തിടെയാണ്. ചിലർ തോളിൽ കൈവച്ച് സെൽഫിയെടുക്കാൻ ശ്രമിക്കുന്നത് പലപ്പോഴും അരോചകമാകാറുണ്ടെന്ന് നമിത പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിരുവിട്ട ആരാധന മൂലം മറ്റൊരു നടിക്കുണ്ടായ അനുഭവം പുറത്തു വന്നിരിക്കുകയാണ്. ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെയും ആദ്യഭാര്യ അമൃതാ സിംഗിന്റെയും മകളും നടിയുമായ സാറാ അലി ഖാനാണ് ആരാധകന്റെ അതിരുവിട്ട പെരുമാറ്റത്തിന് ഇരയായത്.
ജിംനേഷ്യത്തിൽ നിന്ന് മടങ്ങാനായി കാറിൽക്കയറവേയാണ് ഒരു കൂട്ടം ആരാധകർ സാറയ്ക്കൊപ്പം സെൽഫിയെടുക്കാനായി താരത്തെ വളഞ്ഞത്. ആരാധകരെ നിരാശരാക്കാതെ താരം അവർക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു. ഇതിനിടെയാണ് ഒരാൾ ഹസ്തദാനത്തിനായി സാറയ്ക്കു നേരേ കൈനീട്ടിയത്. സാറയും അയാൾക്കുനേരേ കൈനീട്ടി. അപ്പോൾ അവിചാരിതമായി അയാൾ സാറയുടെ കൈയിൽ ചുംബിക്കുകയായിരുന്നു.
പക്ഷെ സാറ പ്രകോപിതയാവുകയോ അയാളോട് രൂക്ഷമായി പ്രതികരിക്കുകയോ ചെയ്തില്ല. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. എന്നാൽ സോഷ്യൽ മീഡിയയിൽ പലരും സാറയെ അനുകൂലിക്കുകയും വിമർശിക്കുകയും ചെയ്തു.
അനുവാദമില്ലാതെ കൈയിൽ ചുംബിച്ച അയാളോട് സാറ തക്കതായ രീതിയിൽ പ്രതികരിക്കണമായിരുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ മറ്റു ചിലർ സാറ സംയമനം പാലിച്ചതിനെ പ്രശംസിച്ചു.