കോട്ടയം: അരനൂറ്റാണ്ടു കാലം യുഡിഎഫിനുവേണ്ടി ഹൃദയം കൊടുത്ത് ഒപ്പംനിന്നു പ്രവർത്തിച്ച കേരള കോണ്‍ഗ്രസിനാണു പിന്നിൽനിന്നു കുത്തേറ്റതെന്നു ജോസ് കെ. മാണി എംപി. ശത്രുക്കളല്ല ഒപ്പം നിന്നവരാണ് കുത്തിയതെന്നു മനസിലായെന്നു ജോസ് കെ. മാണി പറഞ്ഞു. കേരള കോണ്‍ഗ്രസില്ലാതെ ഒരു പുതിയ രാഷ്ട്രീയ മുന്നേറ്റം കേരളത്തിൽ ഉണ്ടാക്കാൻ ഒരു മുന്നണിക്കും പറ്റാത്ത അവസ്ഥയാണുള്ളതെന്നും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം കേരള കോണ്‍ഗ്രസ് എടുക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിനു ആരോടും പകയും വിദ്വേഷവുമില്ല. ഏതു മുന്നണിയാകട്ടെ, കർഷകന്റെ രാഷ്ട്രീയമാണു പാർട്ടിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.