തിരുവനന്തപുരം: മഴക്കാലത്ത് യൂണിഫോമിനൊപ്പം ഷൂസും സോക്സും ധരിക്കാൻ കുട്ടികളെ നിർബന്ധിക്കരുതെന്ന് നിർദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറങ്ങി. മഴക്കാലത്ത് അനുയോജ്യമായ പാദരക്ഷകൾ ഉപയോഗിച്ചാൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്. ഉത്തരവ് സംസ്ഥാനത്തെ എല്ലാ സിബിഎസ്ഇ/ ഐസിഎസ്ഇ സ്കൂളുകൾക്കും നൽകണമെന്ന് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാരോടും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരോടും ആവശ്യപ്പെട്ടു. സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.