കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ ഞായറിലെ റിക്കാർഡ് വരുമാനം തിങ്കളാഴ്ചത്തെ ചെറിയ പെരുന്നാൾദിനത്തിൽ മറികടന്നു. തിങ്കളാഴ്ച മാത്രം 98,713 പേർ മെട്രോയിൽ യാത്ര ചെയ്തു. ലഭിച്ച വരുമാനമാകട്ടെ 34,13,752 രൂപയും. സർവീസ് ആരംഭിച്ച ആദ്യ ആഴ്ചയിൽ ആകെ 5,30,713 പേരാണ് മെട്രോയിൽ യാത്രചെയ്തത്. ഇതിലൂടെ 1,77,54,002 രൂപ വരുമാനമായി ലഭിച്ചു. ഇന്ത്യയിലെ മറ്റെല്ലാ മെട്രോകളെയും അപേക്ഷിച്ച് ആദ്യ ഒരാഴ്ചയിലെ ഏറ്റവും ഉയർന്ന വരുമാനമാണ് കൊച്ചി മെട്രോ നേടിയതെന്നു കെഎംആർഎൽ അധികൃതർ അറിയിച്ചു. ആദ്യ ആഴ്ചയിലെ കണക്കു പ്രകാരം പ്രതിദിനം ശരാശരി 66,340 പേർ മെട്രോയിൽ യാത്ര ചെയ്തപ്പോൾ 22,19,250 രൂപയായിരുന്നു ശരാശരി വരുമാനം.