നടിമാർ നന്നായി സൗന്ദര്യം നിലനിൽക്കാൻ ശ്രദ്ധിക്കുന്നവരാണ്. ഒരു പാടോ മുഖക്കുരുവോ അവരുടെ മുഖത്ത് വന്നാൽ അവർക്കത് സഹിക്കാനാവില്ല. നടി കനിഹയ്ക്കും ഇത്തരത്തിലൊരു അനുഭവം അടുത്തിടെയുണ്ടായി. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് തനിക്കുണ്ടായ അവസ്ഥ കനിഹ തുറന്നുപറഞ്ഞിരിക്കുന്നത്.
"സൗന്ദര്യം നിലനിർത്താൻ നമ്മൾ കൂടുതൽ പണം മുടക്കുന്നവരാണ്. മുഖത്തൊരു പാട് വന്നാൽ അല്ലെങ്കിൽ മുഖക്കുരു വന്നാൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് വിഷമിക്കുന്നവരും നമുക്കിടയിലുണ്ട്. അത്തരക്കാർക്കായി ചെറിയ ഒരു സന്ദേശം ഈ വീഡിയോയിലൂടെ ഞാൻ പങ്കുവയ്ക്കുകയാണ്. നിങ്ങളിൽ കുറച്ചു പേർക്കെങ്കിലും ഇത് ഉപകാരപ്പെടുമെന്ന് എനിക്ക് തോന്നുന്നു.
കുറച്ചു മാസങ്ങൾക്ക് മുൻപായിരുന്നുവെങ്കിൽ ഇതുപോലൊരു വീഡിയോ ചെയ്യാൻ എനിക്ക് ധൈര്യമുണ്ടാകില്ലായിരുന്നു. കാരണം അന്നാണ് എന്റെ മുഖത്ത് വില്ലനായി കുരുക്കൾ പൊട്ടിമുളച്ചത്. എന്റെ കവിളുകൾക്ക് ഇരുവശത്തുമായി, മുഖക്കുരുവിന്റെ പെട്ടെന്നുണ്ടായ ആക്രമണത്തിൽ ഞാൻ പതറിപ്പോയി. ഇതിനു മുന്പ് ഇങ്ങനെ ഉണ്ടായിട്ടില്ല. ഒരു സിനിമാതാരം കൂടിയായതിനാൽ കുരുക്കളുടെ കടന്നാക്രമണം എന്റെ ആത്മവിശ്വാസത്തെ മുഴുവൻ തകർത്തു കളഞ്ഞു. ലോകം എനിക്ക് മുന്പിൽ തകർന്നുടയുന്ന പോലെ ഒരു തോന്നലായിരുന്നു. ഞാൻ വല്ലാതെ തളർന്നു പോയി. കരഞ്ഞുപോയി. പിന്നീട് ഡോക്ടറെ കണ്ടു. മരുന്നു കഴിക്കാൻ തുടങ്ങി.
വളരെ പെട്ടെന്നു തന്നെ ആ അവസ്ഥയിൽ നിന്ന് തിരികെയെത്തി. ഞാൻ ഇങ്ങനെയാണെന്ന് സ്വയം തിരിച്ചറിഞ്ഞ നിമിഷങ്ങൾ. അതോടെ ഉള്ളിലുള്ള മാനസിക സമ്മർദം ഇല്ലാതായി. എനിക്കറിയാം ഇതുപോലുള്ള മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി പേരുണ്ട്. ശരീരവണ്ണം കൂടുതലാണ്, ചർമത്തിന് നിറമില്ല, മുഖക്കുരുവാണ് എന്നൊക്കെ പറഞ്ഞു വിഷാദം അനുഭവിക്കുന്നവർ. അവരോടൊന്നേ എനിക്ക് പറയാനുള്ളൂ, ബാഹ്യമായ സൗന്ദര്യം ക്ഷണികമാണ്. മനസിന്റെ നന്മയാണ് യഥാർത്ഥ സൗന്ദര്യം. ഇത് മനസിലാക്കി മുന്നോട്ടു പോകുക. ചെറിയ കാര്യങ്ങളിൽ പോലും ജീവിതം അവസാനിച്ചുവെന്ന് കരുതി സങ്കടപ്പെടാതിരിക്കുക. നമ്മളെ നമ്മളായി തന്നെ അംഗീകരിക്കാൻ പഠിക്കുക'- കനിഹ പറയുന്നു.