കോട്ടയം: റബർ വിലസ്ഥിരതാ പദ്ധതിയിൽ കർഷകർക്കു ലഭിക്കാനുള്ള സർക്കാർ കുടിശിക 18 കോടി രൂപ. ഒരു കിലോഗ്രാം റബറിന് 150 രൂപ ഉറപ്പാക്കുന്ന സഹായ പദ്ധതിയിൽ രണ്ടു മാസമായി അപ് ലോഡിംഗ് മന്ദഗതിയിലാണ്. നിലവിൽ നടപ്പുവിലയനുസരിച്ച് ഒരു കിലോഗ്രാമിന് 10 രൂപയുടെ സഹായം ലഭിക്കേണ്ടതാണ്. സർക്കാർതലത്തിൽ സഹായം വൈകുന്ന സാഹചര്യത്തിൽ കർഷകർ ബില്ലുകൾ സമർപ്പിക്കുന്നതിൽ താത്പര്യം കാണിക്കുന്നില്ല. ജൂണ്‍ 30ന് വില സ്ഥിരതാ പദ്ധതിയുടെ രണ്ടാംഘട്ടം അവസാനിക്കുകയാണ്. ജൂലൈ ഒന്നിനു മൂന്നാം ഘട്ടം തുടങ്ങുന്നതോടെ പഴയ ബില്ലുകൾ സമർപ്പിക്കാനുള്ള അവസരം ഇല്ലാതാകും.