കോട്ടയം: സംഭരിച്ച നെല്ലിന്റെ വില ഉടൻ നല്കുക, സംഭരണം അടിയന്തരമായി പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള കോണ്ഗ്രസ് -എമ്മിന്റെയും കേരള കർഷക യൂണിയന്റെയും ആഭിമുഖ്യത്തിൽ നാളെ രാവിലെ 11നു സെക്രട്ടറിയേറ്റിനു മുന്നിൽ കൂട്ടധർണ നടത്തും. പാർട്ടി ചെയർമാൻ കെ.എം. മാണി എംഎൽഎ ധർണ ഉദ്ഘാടനംചെയ്യും. വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എംഎൽഎ, എംപിമാർ, എംഎൽഎമാർ പാർട്ടിയുടെയും കർഷക യൂണിയന്റെയും സംസ്ഥാന നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.