ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനി വേഫറർ ഫിലിംസ് നിർമിക്കുന്ന ആദ്യ സിനിമയുടെ പേര് പ്രഖ്യാപിച്ചു. ഷംസു സൈബ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് "മണിയറയിലെ അശോകൻ' എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ പോസ്റ്ററും താരം പങ്കുവച്ചു.
ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലൂടെ സിനിമയിലെ അഞ്ച് പുതിയ ടെക്നീഷ്യന്മാരെ പരിചയപ്പെടുത്തി. സംവിധായകൻ ഷംസു, ഛായാഗ്രാഹകൻ സജദ് കക്കു, തിരക്കഥ തയാറാക്കിയ വിനീത് കൃഷ്ണൻ, മഗേഷ് ബോജി, സംഗീത സംവിധായകൻ ശ്രീഹരി കെ. നായർ, സ്റ്റിൽ ഫോട്ടോഗ്രാഫർ ഷുഹൈബ് എന്നിവരാണ് അവർ.
നടനും സംവിധായകനുമായ രമേഷ് പിഷാരടിയാണ് സിനിമയ്ക്ക് പേര് നിർദ്ദേശിച്ചത്. മണിയറയിലെ അശോകൻ ഉൾപ്പടെ മൂന്ന് സിനിമകളാണ് വേഫറർ ഫിലിംസ് നിർമിക്കുന്നത്. ദുൽഖർ നായകനാകുന്ന കുറുപ്പ്, സുരേഷ് ഗോപി, ശോഭന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമ എന്നിവയാണത്.