ജീവിച്ചിരിക്കുന്നവർ മരിച്ചുവെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരേ തെന്നിന്ത്യൻ താരം രേഖ. രേഖ മരിച്ചുവെന്ന രീതിയിൽ ഒരു യുട്യൂബ് ചാനലിൽ വന്ന വാർത്തയ്ക്കെതിരെയാണ് നടിയുടെ രോഷം അണപൊട്ടിയൊഴുകിയത്.
'മീശ മച്ചാൻ' എന്ന യുട്യൂബ് ചാനലിൽ ആണ് ഇത്തരമൊരു വാർത്ത വന്നത്. ജി.വി. പ്രകാശ് നായകനായെത്തുന്ന 100% കാതൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുന്നതിനിടെയാണ് യുട്യൂബ് ചാനലിൽ വന്ന മരണവാർത്തയ്ക്കെതിരേ താരം പ്രതികരിച്ചത്.
തമിഴ്നാട്ടിൽ നിന്നും പുറത്തുനിന്നുമുള്ള നിരവധി താരങ്ങളെ പിന്തുണച്ചവരാണ് തമിഴ് മാധ്യമങ്ങൾ. മലയാളിയായ നയൻതാരയ്ക്കും അവർ നല്ല പിന്തുണ നൽകുന്നു. പിന്നെന്തിനാണ് ഇത്തരം വ്യാജവാർത്തകൾക്ക് പ്രചാരണം നൽകുന്നത്- രേഖ ചോദിച്ചു. താൻ മരിച്ചുവോയെന്നറിയാൻ പലരും തന്നെ നേരിട്ട് വിളിച്ച കാര്യവും താരം വെളിപ്പെടുത്തി. കരിയറിൽ ഇനിയും ഒരുപാട് ഉയരണമെന്നാഗ്രഹിക്കുന്ന തന്നെ ഇങ്ങനെ കൊല്ലണമോയെന്നും താരം ചോദിക്കുന്നു.
റാംജിറാവു സ്പീക്കിംഗ്, ഏയ് ഓട്ടോ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന താരമാണ് രേഖ.