മിമിക്രിയിലൂടെ വന്ന് മലയാള സിനിമയിൽ തന്റേതായ ഇടമുണ്ടാക്കിയ താരമാണ് കലാഭവൻ ഷാജോണ്‍. പ്രമുഖ താരങ്ങളുടെ ഡ്യൂപ്പുകളെ അണിനിരത്തി ഇറക്കിയ അപരന്മാർ നഗരത്തിൽ എന്ന ചിത്രത്തിലൂടെയാണ് ഷാജോണ്‍ വെള്ളിത്തിരയിലെത്തുന്നത്. തുടക്കത്തിൽ കോമഡി വേഷങ്ങൾ ചെയ്തിരുന്ന ഷാജോണ്‍ ഇന്ന് ഏതു വേഷവും കൈയടക്കത്തോടെ ചെയ്യുന്ന നടനായി മാറിയിരിക്കുകയാണ്.
ഇപ്പോഴിതാ കലാഭവൻ ഷാജോണ്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ നായകനായി അഭിനയിച്ച ബ്രദേഴ്സ് ഡേ എന്ന ചിത്രം തിയറ്ററുകളിൽ വിജയ കുതിപ്പിലാണ്. ഇതിനിടെ താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖം വൈറലാവുകയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ.
തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമാണ് താരം മനസു തുറന്നത്. പ്രണയ വിവാഹമായിരുന്നോ എന്ന ചോദ്യത്തിന് ഷാജോണിന്റെ വാക്കുകൾ ഇങ്ങനെ…പ്രണയത്തിലൂടെ വിവാഹിതരായവരാണ് ഞങ്ങൾ. ഞാനും ഡിനിയും ഒരുമിച്ച് ഒരു ഗൾഫ് ഷോയ്ക്ക് പോയതാണ്. കോട്ടയം നസീറിന്റെ കൂടെ ഞാനും ഡാൻസർ ടീമിനൊപ്പം ഡിനിയും.
കക്ഷി അന്ന് മിസ് തൃശൂരായി തിളങ്ങി നിൽക്കുകയാണ്. ഒരു മിസ് തൃശൂരിനോട് എനിക്ക് ചോദിക്കാൻ പറ്റുന്ന ചോദ്യമായിരുന്നോ അതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എങ്കിലും എനിക്ക് ഇഷ്ടമാണെന്ന് നേരേ ചെന്ന് പറഞ്ഞു. പക്ഷേ, എന്നെ ഞെട്ടിച്ചത് അവളുടെ മറുപടിയാണ്. "വീട്ടുകാർക്ക് ഇഷ്ടമാണേൽ തനിക്കു കുഴപ്പമില്ലെന്ന്.’
അപ്പോൾ തന്നെ ഇച്ചായനെ വിളിച്ചു. ഇച്ചായൻ തന്ന ആത്മവിശ്വാസത്തിൽ അമ്മച്ചിയോട് കാര്യം പറഞ്ഞു. നാട്ടിൽ വന്നിട്ട് കൂട്ടുകാരൻ രമേശുമായി ഡിനിയുടെ വീട്ടിൽ പോയി. പിന്നെ, മൂന്നുമാസം പ്രണയകാലം. 2004ൽ കല്യാണം. രണ്ട് മക്കളാണ് ഞങ്ങൾക്ക്. മകൾ ഹന്ന, മകൻ യൊഹാൻ. ഷാജോണ്‍ കൂട്ടിച്ചേർത്തു.