രജീഷ വിജയൻ കേന്ദ്രകഥാപാത്രമാകുന്ന ഫൈനൽസ് തീയറ്ററുകളിലേക്ക്. ചിത്രം സെപ്റ്റംബർ 6ന് തിയറ്ററുകളിലെത്തും. ഒളിംപിക്സ് മൽസരത്തിനു തയാറെടുക്കുന്ന ഒരു സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് രജീഷ ചിത്രത്തിൽ എത്തുന്നത്. ദേശീയ തലത്തിലുള്ള സൈക്ലിംഗ് ട്രെയിനറിൽ നിന്നും പരിശീലനം നേടിയാണ് രജീഷ ഈ ചിത്രത്തിൽ അഭിനയിച്ചത്.
ഷൂട്ടിംഗിനിടയിൽ സൈക്കിളിൽ നിന്നും വീണ് രജീഷയ്ക്ക് അപകടം സംഭവിച്ചത് വാർത്തയായിരുന്നു. തിരക്കഥാകൃത്തായ പി.ആർ. അരുണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിരഞ്ജ് മണിയൻപിള്ള രാജുവാണ് നായകനാകുന്നത്. സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.
മണിയൻ പിള്ള രാജുവും പ്രജീവും ചേർന്നു നിർമിക്കുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് കൈലാസ് മേനോനാണ്. ഷോബിസ് സ്റ്റുഡിയോസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.