സൂര്യയുടെ വാരണം ആയിരം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് സമീറ റെഡ്ഢി. വിവാഹ ശേഷം സിനിമ വിട്ട നടി ഇപ്പോൾ കുടുംബ ജീവിതവുമായി മുന്നോട്ടുപോവുകയാണ്. അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ തനിക്ക് മുൻപ് വിക്ക് ഉണ്ടായിരുന്നുവെന്ന കാര്യം സമീറ റെഡ്ഡി വെളിപ്പെടുത്തിയിരുന്നു. വിക്കുണ്ടായിരുന്നതു കൊണ്ട് മറ്റുളളവരുടെ മുന്നിൽ നിന്ന് സംസാരിക്കാൻ ഭയമായിരുന്നുവെന്ന് നടി പറയുന്നു.
"സിനിമയുടെ ഓഡിഷന് പോയിരുന്ന കാലത്ത് ഈ പ്രശ്നം എന്നെ വല്ലാതെ അലട്ടിയിരുന്നു. ആത്മവിശ്വാസം ഇല്ലാതിരുന്ന എന്നെ അന്ന് സഹായിച്ചത് ബോളിവുഡ് സൂപ്പർ താരം ഹൃത്വിക്ക് റോഷനാണ്. എന്റെ പ്രശ്നം മനസിലാക്കിയ ഹൃത്വിക്ക് അന്ന് എനിക്ക് ഒരു പുസ്തകം വായിക്കാൻ തന്നു. ആ പുസ്തകമാണ് എന്റെ ജീവിതം മാറ്റി മറിച്ചത്. ഹൃത്വിക്ക് റോഷനും മുൻപ് ഇതേ അവസ്ഥ ഉണ്ടായിരുന്നു. എന്നാൽ അതൊരു വൈകല്യം അല്ലെന്ന് അദ്ദേഹം ജീവിതത്തിലൂടെ കാണിച്ചുതന്നു. വ്യത്യസ്ത രീതിയിൽ ഭാഷകൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കും. സൂപ്പർ 30യിൽ ഹൃത്വിക്ക് സംസാരിക്കുന്നത് ബിഹാറി ഛായയുളള ഹിന്ദിയാണ്. അദ്ദേഹത്തിന്റെ വിജയം ശരിക്കും എല്ലാവർക്കും ഒരു മാതൃക തന്നെയാണ്'- അഭിമുഖത്തിൽ സമീറ റെഡ്ഡി വൃക്തമാക്കി.
സിനിമകളിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ എല്ലായ്പ്പോഴും സജീവമാണ് സമീറ റെഡ്ഡി. ഗർഭകാലം മുതൽ കുഞ്ഞ് ജനിച്ചത് വരെയുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് നടി സോഷ്യൽ മീഡിയ പേജുകളിൽ എത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ പന്ത്രണ്ട ിനാണ് സമീറയുടെ ജീവിതത്തിലേക്ക് രണ്ടാമത്തെ കുഞ്ഞും എത്തിയത്. ആഗ്രഹിച്ച പോലെ ഒരു പെണ്കുട്ടിയെ ഇത്തവണ ലഭിച്ചതിന്റെ സന്തോഷം നടി പങ്കുവെക്കുകയും ചെയ്തിരുന്നു.