സൽമാൻ ഖാന്റെ സഹോദരനും ബോളിവുഡ് നടനുമായ അർബാസ് ഖാൻ മോഹൻലാലിനൊപ്പം പാട്ടുകൾ പാടിയാണ് ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അര്‍ബാസിന്റെ 52-ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തിൽ ഒരു ഗിറ്റാറിസ്റ്റിനൊപ്പമാണ് അർബാസ് ഖാനും മോഹൻലാലും പഴയ ഹിന്ദി ഗാനങ്ങൾ ഒന്നിച്ചാലപിച്ചത്.
സിദ്ദിഖ് സംവിധാനം ചെയ്യുന്ന "ബിഗ് ബ്രദറി'ല്‍ മോഹൻലാലിനൊപ്പം അർബാസ് ഖാനും അഭിനയിക്കുന്നുണ്ട്. പ്രിയദർശന്റെ പല ഹിന്ദി ചിത്രങ്ങളിലും അർബാസ് ഖാൻ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. മോഹൻലാലിനൊപ്പം അഭിനയിക്കുന്നതിന്റെ ആഹ്ലാദം മുന്‍പ് സോഷ്യൽ മീഡിയയിലൂടെ അർബാസ് ഖാൻ വെളിപ്പെടുത്തിയിരുന്നു. റജീന കസാന്ദ്രയാണ് ബിഗ് ബ്രദറിലെ നായിക.